തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ലെന്നും പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഇതെല്ലാം വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ സ്ഥിരീകരികരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന് കണ്ടെത്തിയാണ് അമിക്കസ് ക്യൂറി ജേക്കബ് പി. അലക്‌സ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് ആരോപിക്കുന്ന ഒട്ടേറെ ഹര്‍ജികള്‍ പരിഗണനയ്ക്ക് വന്നതോടെയാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.
Leave a Comment