നെയ്യാറ്റിന്‍കര ആത്മഹത്യ: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍; ആത്മഹത്യാ കുറിപ്പ് വഴിത്തിരിവായി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ത്രീയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്കു പിന്നില്‍ കുടുംബ പ്രശ്നങ്ങളാണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മരിച്ച ലേഖയുടെ ഭര്‍ത്താവിനെയും അമ്മയെയും സഹോദരിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദമാണ് ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

വസ്തു തര്‍ക്കവും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, ഭര്‍ത്താവ് കാശി, ശാന്ത എന്നിവര്‍ക്കെതിരെയാണ് കുറിപ്പ്. സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതായി കത്തില്‍ പറയുന്നു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

മന്ത്രവാദം അടക്കമുള്ള കാര്യങ്ങള്‍ നടത്തിയതായും തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു. കടം തീര്‍ക്കാര്‍ ഭര്‍ത്താവ് താല്‍പര്യമെടുക്കുന്നില്ലെന്നും കടബാധ്യതകളുടെ പേരില്‍ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച രാവിലെ ഫോറന്‍സിക് സംഘം വീടിനുള്ളില്‍ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകള്‍ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാതിരുന്നതുമെന്നാണ് പോലീസ് പറയുന്നത്.

ഇതിനിടെ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

pathram:
Related Post
Leave a Comment