വീടിനു പുറത്ത് ഭാര്യയ്‌ക്കൊപ്പം കിടന്ന മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി

വീടിനുള്ളില്‍ കടുത്ത ചൂട് കാരണം ഭാര്യക്കൊപ്പം പുറത്തു കിടന്ന ഭര്‍ത്താവിനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി നാഗര്‍കോവിലിലെ മേലമണക്കുടി ലൂര്‍ദ് മാതാ സ്ട്രീറ്റില്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്.

സംഭവം ഇങ്ങനെ, ചൂട് കൂടുതലായിരുന്നതിനാല്‍ വീടിന് പുറത്ത് ഭാര്യയോടൊപ്പം ഉറങ്ങിയ മത്സ്യത്തൊഴിലാളിയായ വിന്‍സെന്റിന്റെ മുഖത്ത് പ്രദേശവാസിയായ കിദിയോന്‍ ഉള്‍പ്പെടുന്ന എട്ടംഗ സംഘം ടോര്‍ച്ച് ലൈറ്റ് തെളിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. പിന്നീട് കിദിയോനും സംഘവും വിന്‍സെന്റിനെ അരിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഭാര്യയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടിരുന്നു. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ വിന്‍സെന്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

pathram:
Leave a Comment