കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 35 പേര്‍ വിദേശികളാണ്. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറന്‍ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ ക്രിസ്ത്യന്‍ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലെയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തേമെട്ടകൊടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്ഫോടനങ്ങളുണ്ടായത്.
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച പ്രാദേശികസമയം 8.45 ഓടെ ആയിരുന്നു സ്ഫോടനങ്ങള്‍. തുടര്‍ച്ചയായി ആറുസ്ഫോടനങ്ങളും മണിക്കൂറുകള്‍ക്കു ശേഷം രണ്ടു സ്ഫോടനങ്ങളുമാണ് നടന്നത്. എട്ടു സ്ഫോടനങ്ങളില്‍ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് സൂചന.
Leave a Comment