ശ്രീലങ്കയില്‍ ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം; മരണം 52 ആയി

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്ഫോടനം. 52 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്.

ഈ സമയം പള്ളികളിലെല്ലാം ഈസ്റ്റര്‍ ദിന പ്രാര്‍ഥനകള്‍ നടക്കുകയായിരുന്നുവെന്ന് ശ്രീലങ്കന്‍ പോലീസ് വക്താവ് റുവാന്‍ ഗുണശേഖര പറഞ്ഞു. കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഫോടനങ്ങളുണ്ടായത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്.

നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. 27 പേര്‍ കൊല്ലപ്പെട്ടതായി ബാറ്റിക്കലോവയിലെ ആശുപത്രി വൃത്തങ്ങള്‍ ബിബിസിയോട് പറഞ്ഞു. എന്നാല്‍ നഗോമ്പോയിലെ പോലീസ് ഓഫീസറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത് അവിടെ മാത്രം 50 പേര്‍ മരിച്ചു എന്നാണ്.

200 ഓളം പേരെ കൊളംബൊയിലെ നാഷണല്‍ ആശുപത്രിയില്‍ ഗുരുതര പരിക്കുകളോടെ പ്രവശിപ്പിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

pathram:
Related Post
Leave a Comment