കൊച്ചി: മെട്രോ ഇനി ഗൂഗിള്‍ മാപ്പിലും. മെട്രോ ട്രെയിനുകള്‍ പോകുന്ന റൂട്ടും സമയവും നിരക്കുമെല്ലാം ഇനി ഗൂഗിള്‍ മാപ്പു വഴി അറിയാം. മറ്റു സ്ഥലങ്ങളില്‍ നിന്നും കൊച്ചിയിലെത്തുന്നവരെ സമീപത്തെ മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ ഇനി ഗൂഗിള്‍ മാപ്പ് സഹായിക്കും. ഒപ്പം മെട്രോയില്‍ യാത്ര ചെയ്യാനും. സ്റ്റേഷനുകളില്‍ ട്രെയിനുകളെത്തുന്ന സമയം, എത്ര സമയം നില്‍ക്കും ഓരോ സ്ഥലത്തേക്കുമുള്ള നിരക്ക് എന്നിവയെല്ലാം ഇനി ഗൂഗിള്‍ മാപ്പിലുമുണ്ടാകും.
ആറു മാസത്തെ പ്രയത്‌നത്തിന് ഒടുവിലാണ് കെഎംആര്‍എല്‍ ഗൂഗിളുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിട്ടത്. കൊച്ചി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് കെഎംആര്‍എല്‍ നടപ്പാക്കുന്ന വിവിധ തരത്തിലുള്ള പദ്ധതികളുടെ ഭാഗമാണിത്. അടുത്ത ഘട്ടത്തില്‍ നഗരത്തിലെ ബസ്സുകള്‍ ഉള്‍പ്പെടുയുള്ള പൊതു ഗതാഗത സംവിധാനത്തെയും ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിക്കും. ഇതോടെ സ്റ്റോപ്പുകളില്‍ ബസ്സുകള്‍ എത്തുന്ന സമയവും മറ്റു സ്ഥലങ്ങളിലേക്കുള്ള നിരക്കുമെല്ലാം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ അറിയാം.
യാത്രക്കാരെ സമയ നഷ്ടമില്ലാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെട്രോ യാത്രക്കാരുടെ എണ്ണവും മറ്റ് വിവരങ്ങളും കൈമാറാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ കെഎംആര്‍എല്ലിന് അനുവദിച്ചിരുന്നു. ഇതിന്റെ കൂടി സഹായത്തോടെയാണ് ഈ പദ്ധതികളെല്ലാം നടപ്പാക്കുന്നത്.
Leave a Comment