ബെന്നി ബെഹനാന്‍ പ്രചാരണരംഗത്തേക്ക് മടങ്ങി എത്തുന്നു

ചാലക്കുടി: ഹൃദയാഘാതത്തെ തുടര്‍ന്നുള്ള വിശ്രമത്തിലായിരുന്ന ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ പ്രചാരണരംഗത്തേക്ക് മടങ്ങി എത്തുന്നു. മറ്റന്നാള്‍ (ഞായറാഴ്ച) പുത്തന്‍കുരിശില്‍ നടക്കുന്ന വാഹനറാലിയില്‍ പങ്കെടുത്ത് കൊണ്ടാണ് മടങ്ങിവരവ്. എകെ ആന്റിണിയും സ്ഥാനാര്‍ത്ഥിയുടെ രണ്ടാം വരവിന് ആവേശം പകരാന്‍ എത്തും.

‘ബെന്നി ചേട്ടാ വിശ്രമിക്കൂ ഞങ്ങളുണ്ടെന്ന’ ടാഗ്!ലൈനോടെ ചാലക്കുടിയില്‍ എംഎല്‍എമാര്‍ കളം നിറഞ്ഞപ്പോള്‍ കാക്കനാട്ടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബെന്നി ബെഹനാന്‍. സ്ഥാനാര്‍ത്ഥിയുടെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ യുവ എംഎല്‍എമാരായ റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അന്‍വര്‍ സാദത്തും ബെന്നി ചേട്ടന് വേണ്ടി പ്രചാരണവേദികള്‍ സജീവമാക്കി. തനിക്കായി അണികളും എംഎല്‍എമാരും വെയില്‍ കൊള്ളുമ്പോള്‍ വിശ്രമം മതിയാക്കി കളത്തിലിറങ്ങാന്‍ ഉള്ള വെമ്പലിലായിരുന്നു ബെന്നി ബെഹനാന്‍. ആ കാത്തിരിപ്പ് ഞായറാഴ്ച അവസാനിക്കും.

ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കാക്കനാട്ടെ ആശുപത്രിയില്‍ നിന്ന് ബെന്നി ബെഹനാന്‍ തൃക്കാക്കരയിലേ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ സ്ഥാനാര്‍ത്ഥി, പത്ത് ദിവസത്തെ ഇടവേളയ്‌ക്കൊടുവിലാണ് പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നത്.

pathram:
Related Post
Leave a Comment