അനുപമ അവരുടെ ജോലി കൃത്യമായി ചെയ്തു; മറുപടി നല്‍കും, പിന്നില്‍ രാഷ്ട്രീയപ്രേരണ ഉണ്ടോയെന്ന് അവര്‍ പറയുമെന്നും സുരേഷ് ഗോപി

തൃശൂര്‍: അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തില്‍ നോട്ടിസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയപ്രേരണ എന്തെങ്കിലും ഉണ്ടോയെന്ന് ജില്ലാ കലക്ടര്‍ ടി.വി.അനുപമ പറയട്ടേയെന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്തത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വരാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നല്‍കി അതു പരിശോധിക്കുന്നതുവരെ പറയാന്‍ പാടില്ലെന്നതു മര്യാദയാണെന്നും സുരേഷ് ഗോപി ‘പറഞ്ഞു.
മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നു കാട്ടിയാണ് ജില്ലാ കലക്ടര്‍ സ്ഥാനാര്‍ഥിക്കു നോട്ടിസ് നല്‍കിയത്. കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ദാസ്യപ്പണി ചെയ്യുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള കലക്ടറാണു അനുപമയെന്നു സുരേഷ് ഗോപി പറഞ്ഞു. അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കലക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നതാണു നിലപാട്. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയം ആണെങ്കില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷമെങ്കിലും അവര്‍ പറയുമല്ലോ? ഇല്ലെങ്കില്‍ വേണ്ട– സുരേഷ് ഗോപി വ്യക്തമാക്കി.
15 ലക്ഷം അണ്ണാക്കിലേക്കു തള്ളിത്തരുമോയെന്നു പറഞ്ഞത് പൊള്ളത്തരം വിളിച്ചുപറഞ്ഞ വര്‍ഗത്തിനുള്ള തന്റെ മറുപടിയാണ്. അവര്‍ ഒരുപാടു പേരെ വഴി തെറ്റിക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥയ്ക്ക് അവര്‍ പറഞ്ഞ ഭാഷയില്‍തന്നെ മറുപടി നല്‍കേണ്ടതുണ്ട്. അത്രയും ഹൃദയവിശാലത എനിക്കുണ്ട്– അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.സുരേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ വിവാദ പ്രസംഗം.

pathram:
Related Post
Leave a Comment