ചൂട് :ചൊവ്വാഴ്ചവരെ ജാഗ്രതാനിര്‍ദേശം, ശരാശരിയില്‍നിന്ന് മൂന്ന് ഡിഗ്രിവരെ വര്‍ധിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ ചൊവ്വാഴ്ചവരെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരി ഉയര്‍ന്ന താപനിലയില്‍നിന്ന് രണ്ടുമുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.
ഞായറാഴ്ച സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതവും 24 പേര്‍ക്ക് സൂര്യതാപവുമേറ്റു. എറണാകുളം, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ക്കാണ് സൂര്യാഘാതമേറ്റത്. ആലപ്പുഴയില്‍ ഒന്പതുപേര്‍ക്കും പാലക്കാട്ടും കോട്ടയത്തും മൂന്നുപേര്‍ക്ക് വീതവും എറണാകുളത്ത് എട്ടുപേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കും സൂര്യതാപമേറ്റു. സംസ്ഥാനത്ത് വിവിധയിടങ്ങിലായി 20 പേര്‍ക്ക് ചൂടുമൂലം ശരീരത്തില്‍ പാടുകളുണ്ടായി. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ഞായറാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ് 39.3 ഡിഗ്രി സെല്‍ഷ്യസ്. ആലപ്പുഴയില്‍ ചൂട് ശരാശരി താപനിലയില്‍നിന്ന് ഉയര്‍ന്ന് 37 ഡിഗ്രിയായി. പുനലൂരില്‍ 38 ഡിഗ്രിയും കോട്ടത്ത് 36.8 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രിയും രേഖപ്പെടുത്തി. ഞായറാഴ്ച എല്ലായിടത്തും ചൂട് 35 ഡിഗ്രിക്ക് മുകളിലായിരുന്നു

pathram:
Related Post
Leave a Comment