രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപൂരം: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ചാണ്ടി. മത്സരിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനമുണ്ടാകും. ഹൈക്കമാന്റ് അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, രാഹുലിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇന്നലെ പുറത്തിറങ്ങിയ ഒന്‍പതാമത് സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. അമേഠിയെക്കൂടാതെ വയനാട്ടിലും മത്സരിക്കണമെന്ന കേരള നേതാക്കളുടെ അഭ്യര്‍ഥന രാഹുലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയും സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു രാഹുല്‍ തന്നെയാണെന്നു ഹൈക്കമാന്‍ഡ് നേതാക്കള്‍ പറയുന്നു.
ബിജെപിക്കെതിരേയുള്ള പോരാട്ടത്തിന് ആവേശം പകരാന്‍ രാഹുല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തു മത്സരിക്കുന്നതിനെ മിക്ക നേതാക്കളും അനുകൂലിക്കുന്നുണ്ടെങ്കിലും വയനാട്ടിന്റെ കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വയനാട്ടില്‍ മത്സരിക്കുന്നത് സുരക്ഷിത മണ്ഡലം തേടിയുള്ള നീക്കമായി ബിജെപി പ്രചരിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രാഹുലിനെ നേരിടാന്‍ സ്മൃതി ഇറാനിയെ ബിജെപി വയനാട്ടില്‍ ഇറക്കുമെന്ന സൂചനയുമുണ്ട്. അത് ബിജെപിക്ക് കേരളത്തില്‍ കൂടുതല്‍ ഇടമുണ്ടാക്കിക്കൊടുക്കുമെന്ന് രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

pathram:
Leave a Comment