രണ്ടാമത്തെ ലിസ്റ്റിലും പത്തനംതിട്ടയില്‍ ആളില്ല; കേരള നേതാക്കള്‍ ആശയക്കുഴപ്പത്തില്‍

ന്യൂഡല്‍ഹി: ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയില്ല. അര്‍ധരാത്രിയാണ് 36 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കിയത്. പി.എസ്. ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. പത്തനംതിട്ട സീറ്റിനെ ചൊല്ലി ബിജെപിയില്‍ കടുത്ത ചേരിപ്പോരാണ് നടന്നത്.

പത്തനംതിട്ടയിലെ അനിശ്ചിതത്വത്തിന് പിന്നില്‍ തൃശ്ശൂരില്‍ ഇതുവരെ മനസ്സുതുറക്കാത്ത തുഷാറിന്റെ നിലപാടും കാരണമാണ്. തുഷാറിന് തൃശ്ശൂര്‍ വിട്ടുകൊടുക്കാന്‍ ബി!ജെപി തയ്യാറായിരുന്നു. വെള്ളാപ്പള്ളി അനുകൂലിച്ചിട്ടും ദില്ലിയില്‍ തുടരുന്ന തുഷാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന അന്തിമതീരുമാനം അറിയിച്ചിട്ടില്ല. ബിജെപി പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്നാണ് ബിഡിജെഎസിന്റെ നിലപാട്. അതേസമയം തുഷാര്‍ ആദ്യം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കട്ടെയെന്നാണ് ബിജെപി പറയുന്നത്.

ഒരുപക്ഷെ തുഷാര്‍ അവസാന നിമിഷം പിന്മാറിയാല്‍ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുത്ത് സുരേന്ദ്രന് നല്‍കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയായേക്കാം. പിള്ളയും സുരേന്ദ്രനുമല്ലാതെ മൂന്നാമതൊരാള്‍ പത്തനംതിട്ടയില്‍ സ്ഥാനാ!ര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹവും ഉണ്ട്. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കുന്നുവെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും ബിജെപി അത് നിഷേധിച്ചു. തുഷാറിന്റെ കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് ചില ബിഡിജെഎസ് നേതാക്കള്‍ പറയുന്നു. രണ്ട് സീറ്റുകളിലേയും അനിശ്ചിതത്വം കേരളത്തിലെ എന്‍ഡിഎയെ ആകെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഇതിനിടെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒഡീഷയിലെ പുരിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പുരിയില്‍ നിന്ന് ബിജെപി വക്താവ് സംപിത് പാത്ര ജനവിധി തേടും. നരേന്ദ്രമോദി വാരാണസിക്ക് പുറമെ പുരിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

pathram:
Related Post
Leave a Comment