ചാഴിക്കാടനു പിന്നില്‍ ഒറ്റക്കെട്ടായി കേരള കോണ്‍ഗ്രസ്; കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടം..!!!

ചരിത്രത്തിലാദ്യമായി ശക്തമായ ത്രികോണ മല്‍സരത്തിനു ഇത്തവണ കോട്ടയം വേദിയാകും. സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവനും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എ.യും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴിക്കാടനും നേര്‍ക്കുനേര്‍ വരുന്നതോടെ തന്നെ കോട്ടയത്ത് മത്സരം പൊടിപൊടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒപ്പം എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.സി തോമസ് (സാധ്യത) കൂടി ചേരുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാകും കോട്ടയം സാക്ഷ്യം വഹിക്കുക.

തോമസ് ചാഴിക്കാടനായി പ്രചാരണത്തിനിറങ്ങുമെന്ന് പി.ജെ ജോസഫ് ഇന്നലെ പറഞ്ഞതോടെ ചാഴിക്കാടന് മണ്ഡലത്തില്‍ വിജയസാധ്യതയെന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞതെല്ലാം കഥകളെന്നും ചാഴിക്കാടനു വേണ്ടി കോട്ടയത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങുമെന്നും പി.ജെ ജോസഫ് ഉറപ്പുനല്‍കിയതോടെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വന്‍ ആവേശത്തിലാണ്.

ഇന്നലെയാണ് തോമസ് ചാഴിക്കാടന്‍ പി.ജെ ജോസഫിന്റെ വീട്ടിലെത്തി പിന്തുണ തേടിയത്. പത്ത് മിനിറ്റ് നേരം നടത്തിയ കൂടിക്കാഴ്ചയില്‍ പി.ജെയുടെ പിന്തുണ ഉറപ്പിച്ചാണ് തോമസ് ചാഴിക്കാടന്‍ മടങ്ങിയത്. താന്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിത്വം നേടിയെടുത്ത തോമസ് ചാഴിക്കാടനെ നിറപുഞ്ചിരിയോടെയാണ് പി.ജെ ജോസഫ് വീട്ടിലേക്ക് സ്വാഗതം ചെയ്തത്. ഗ്രൂപ്പ് നോക്കാതെയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്ന് പിജെ.യുടെ ഉപദേശവും. പിന്നീട് അടച്ചിട്ട മുറിയില്‍ പത്ത് മിനിറ്റ് ചര്‍ച്ച. അതിനു ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചു. മഞ്ഞുരുകിയെന്നും പി.ജെയുടെ എല്ലാ പിന്തുണയും ഉറപ്പിച്ചെന്നും തോമസ് ചാഴിക്കാടനും പറഞ്ഞിരുന്നു.

1952 മുതല്‍ 2014 വരെ നടന്ന പതിനാറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പതിനൊന്നിലും കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച കോട്ടയം അഞ്ച് തവണ കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും സമ്മതി നല്‍കി. 1967ല്‍ കെ എം എബ്രഹാമിലൂടെയും 1984 ലും 1998, 1999, 2004 വര്‍ഷങ്ങളില്‍ കെ സുരേഷ് കുറുപ്പിലൂടെയും സിപിഎം മണ്ഡലം പിടിച്ചെടുത്തെങ്കിലും പ്രദേശത്തിന്റെ അടിസ്ഥാന രാഷ്ട്രീയ സ്വഭാവത്തിന്റെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കോട്ടയം തിരിച്ചുപിടിച്ചു.

ഏറ്റവുമൊടുവില്‍ 2014ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം പുതുപ്പള്ളി ഏറ്റുമാനൂര്‍ കടുത്തുരുത്തി പാലാ വൈക്കം പിറവം എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മേല്‍കൈ നേടി ഒരു ലക്ഷത്തി ഇരുപതിനായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റൊന്‍പത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണി വിജയം ആവര്‍ത്തിച്ചു.

ചാഴിക്കാടന്‍ ചില്ലറക്കാരനല്ല…!!!

രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തിരക്കുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു തോമസ് ചാഴിക്കാടന്‍. രാഷ്ട്രീയത്തില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാഷ്ട്രീയക്കാരായ സഹോദരന്‍മാരുടെ ഭാവിയെ ഓര്‍ത്ത് തോമസ് ചാഴിക്കാടന്‍ പലപ്പോഴും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഹോദരന്‍ ബാബു ചാഴിക്കാടന്റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചു. പകരക്കാരനായി ഏറ്റുമാനൂരില്‍ മത്സരിച്ച തോമസ് ചാഴിക്കാടന്‍ തുടര്‍ച്ചയായി നാലുതവണ നിയമസഭയിലെത്തി.

1991 മേയ് 15നായിരുന്നു തോമസ് ചാഴിക്കാടന്റെ ജീവിതരേഖ മാറ്റിവരച്ച ആ ദിനം. ഏറ്റുമാനൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി ബാബു ചാഴിക്കാടന്‍, അന്ന് കോട്ടയം എംപിയായിരുന്ന രമേശ് ചെന്നിത്തലയുമൊത്ത് പ്രചരണ പരിപാടിയുടെ ഭാഗമായി ആര്‍പ്പൂക്കര വാരിമുട്ടത്തെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഇടിമിന്നലില്‍ ബാബു ചാഴിക്കാടനു ഇടിമിന്നലേറ്റു. ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തല തെറിച്ചുവീണു. നേതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു.

മാറ്റിവച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പകരക്കാരനായി തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയായി. അങ്ങനെ രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാതിരുന്ന അദ്ദേഹം, മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി മാറി. 1991 ഉപതെരഞ്ഞെടുപ്പില്‍ വൈക്കം വിശ്വനെ 889 വോട്ടുകള്‍ക്കാണ് തോമസ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. 1996ല്‍ വൈക്കം വിശ്വന്‍ (ഭൂരിപക്ഷം13873), 2001ല്‍ തമ്പി പൊടിപാറ (ഭൂരിപക്ഷം20144), 2006ല്‍ കെ എസ് കൃഷ്ണന്‍കുട്ടി നായര്‍ (ഭൂരിപക്ഷം4950) എന്നിവരെ പരാജയപ്പെടുത്തി.

മണ്ഡല പുനഃര്‍നിര്‍ണയത്തിനുശേഷം നടന്ന 2011 തെരഞ്ഞെടുപ്പില്‍ ഇടതുഭൂരിപക്ഷ മേഖലയായ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകള്‍ മണ്ഡലത്തോടു കൂട്ടിച്ചേര്‍ക്കപ്പെടുകയും കുമാരനെല്ലൂര്‍ പഞ്ചായത്ത് അടര്‍ത്തിമാറ്റപ്പെടുകയും ചെയ്തു. ഇതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുരേഷ് കുറുപ്പിനോടു 1801 വോട്ടുകള്‍ക്കു പരാജയപ്പെട്ടു.

എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്‌സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്‌സ് അക്കൗണ്ട്‌സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷ സ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്‍മാന്മാരില്‍ ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇടതുസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ സമരം ചെയ്തതിന് ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം എന്നിവരോടൊപ്പം ഒരാഴ്ചക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു. കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായിരുന്നു.

ബാബു ചാഴിക്കാടന്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍മാനാണ്. ഏറ്റുമാനൂര്‍ വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ. ലിമിറ്റഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (കെ.റ്റി.യു.സി.) പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. കേരളാ ഷോപ്പ്‌സ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ഫണ്ട് ബോര്‍ഡ് ചെയര്‍മാനായി 2012 ജനുവരിയില്‍ കേരള സര്‍ക്കാര്‍ നിയമിച്ചു. കേരള കോണ്‍ഗ്രസ്എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ കേരളകോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി അംഗമാണ്.

pathram:
Leave a Comment