അനുനയിപ്പിക്കാനെത്തിയ ചെന്നിത്തലയോട് ക്ഷോഭിച്ച് കെ.വി. തോമസ്

അനുനയനീക്കത്തിന് എത്തിയ രമേശ് ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് സീറ്റ് നിഷേധിക്കപ്പെട്ട എം പി കെ വി തോമസ്. ‘എന്തിനാണീ നാടകം?’, എന്നാണ് കെ വി തോമസ് ചെന്നിത്തലയോട് ചോദിച്ചത്. ഒരു ഓഫറും ഇങ്ങോട്ട് വയ്ക്കണ്ട എന്നും തോമസ് മാഷ് ക്ഷോഭിച്ചതായാണ് വിവരം.

ചില ഓഫറുകള്‍ മുന്നോട്ടുവച്ച്, അനുനയിപ്പിച്ച് കെ വി തോമസിനെ നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം. അത്തരത്തിലൊരു നിര്‍ദേശമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ട് വച്ചതും. സംഘടനാനേതൃത്വത്തില്‍ സുപ്രധാനപദവി തന്നെ നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കാനായിരുന്നു ദേശീയ നേതൃത്വത്തിന്റെ ശ്രമം. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചാടിയ ടോം വടക്കന്റെ നേതൃത്വത്തില്‍ ചരടുവലി തുടങ്ങിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്നെ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള അനുനയനീക്കങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കെ വി തോമസിന്റെ വീട്ടില്‍ കണ്ടത്.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നല്‍കാമെന്നും, കെ വി തോമസിനെ പറഞ്ഞ് അനുനയിപ്പിക്കണമെന്നുമായിരുന്നു ദേശീയനേതൃത്വം ചെന്നിത്തലയ്ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ അത്തരമൊരു അനുനയത്തിനും തയ്യാറല്ലെന്ന് ഉറപ്പിച്ച നിലയിലാണ് കെ വി തോമസ്. താന്‍ എറണാകുളത്തേക്ക് വരില്ലെന്ന് ചെന്നിത്തലയോട് കെ വി തോമസ് തീര്‍ത്തു പറഞ്ഞു. തല്‍ക്കാലം ദില്ലിയില്‍ തുടരാനാണ് തീരുമാനം. എറണാകുളത്ത് വന്ന് ഹൈബി ഈഡന് വേണ്ടി പ്രചാരണം നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് തോമസ് മാഷ്.

അവസാനനിമിഷം വരെ താനായിരിക്കും സ്ഥാനാര്‍ഥി എന്ന പ്രതീക്ഷയിലാണ് കെ വി തോമസ് മുന്നോട്ട് പോയത്. എന്നാല്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് നേരത്തേ അറിയിച്ചത് പോലുമില്ല എന്ന നിരാശയിലും അമര്‍ഷത്തിലുമാണ് കെ വി തോമസ്. അക്കാര്യം തന്നെയാണ് തോമസ് മാഷ് നേരിട്ട് കണ്ട ചെന്നിത്തലയോട് പറഞ്ഞതും. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച എന്തായാലും അരമണിക്കൂര്‍ പോലും നീണ്ടില്ല. അതിനുള്ളില്‍ത്തന്നെ, തന്റെ ക്ഷോഭം അടക്കിവയ്ക്കാതെ അതൃപ്തി ചെന്നിത്തലയോട് കെ വി തോമസ് നേരിട്ട് പ്രകടിപ്പിക്കുകയും ചെയ്തു.

എന്തായാലും പാര്‍ട്ടിയുടെ സമുന്നതനായ നേതാവാണ് കെ വി തോമസ് എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. കെ വി തോമസ് ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ ചെന്നിത്തല തള്ളി. ‘ഏയ്, അദ്ദേഹം എങ്ങോട്ടും പോകില്ല’, എന്ന് മാത്രം പറഞ്ഞ ചെന്നിത്തല കൂടുതലൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. പരിചയസമ്പന്നനായ കെ വി തോമസിന്റെ സേവനം ഇനിയും പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. മറ്റൊരു സീറ്റ് നല്‍കി തോമസിനെ അനുനയിപ്പിക്കുമോ എന്ന ചോദ്യത്തിനും ചെന്നിത്തലയ്ക്ക് മറുപടിയില്ല.

ഇനി സോണിയാഗാന്ധിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും. എന്നാല്‍ അത്തരമൊരു കൂടിക്കാഴ്ചയുണ്ടായാല്‍പ്പോലും വേറൊരു സീറ്റ് കെ വി തോമസിന് ഇനി നേതൃത്വം നല്‍കാനിടയില്ല. അതുകൊണ്ടുതന്നെ കെ വി തോമസ് സോണിയാഗാന്ധിയെ കാണാന്‍ തയ്യാറാകുമോ എന്നതും വ്യക്തമല്ല.

pathram:
Leave a Comment