ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ആക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് ശനിയാഴ്ച മരിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കൊണ്ടാണ് ഉര്‍ദു ദിനപത്രമായ ജിയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

മസൂദ് അസ്ഹറിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളെ കുറിച്ചും പാകിസ്താന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു പാക് ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രതികരണം.

സൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്നും രോഗം മൂര്‍ച്ഛിച്ച് വീടുവിട്ട് പുറത്തുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനല്‍ അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു.

മസൂദ് അസ്ഹര്‍ വൃക്കരോഗബാധിതനാണെന്നും റാവല്‍പിണ്ടിയിലെ പാക് കരസേനാ ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. 1994-ല്‍ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ല്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാകിസ്താനില്‍ എത്തിയശേഷമാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്.

2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെയും പിന്നില്‍പ്രവര്‍ത്തിച്ച ജെയ്ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാകിസ്താനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.

pathram:
Leave a Comment