ദേവികുളം സബ് കളക്ടര്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായി നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സബ്കളക്ടറെ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാജേന്ദ്രനോട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു.
മൂന്നാറിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമൊന്നുമില്ല. നിര്‍മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ എതിര്‍ക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടി ചൂണ്ടിക്കാട്ടി നാളെ സബ്കളക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് എംഎല്‍എയുടെ ഖേദപ്രകടനം.
മൂന്നാര്‍ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിടനിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.
അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍ നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്. മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം സംബന്ധിച്ച കാര്യങ്ങളും റവന്യൂ വകുപ്പിന്റെ നടപടികള്‍ തടസ്സപ്പെടുത്തിയ എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സബ് കളക്ടര്‍ പറഞ്ഞിരുന്നു.

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ സബ് കളക്ടര്‍പരാതി നല്‍കിയിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് തന്റെ പരാതി അറിയിച്ചത്.

സംഭവം വിവാദമായതോടെ സബ് കളക്ടറെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പ്രതികരിച്ചിരുന്നു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സബ് കളക്ടര്‍ തന്നോട് പോയി പണിനോക്കാന്‍ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ എം.എല്‍.എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടര്‍ നിഷേധിച്ചു. എം.എല്‍.എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിര്‍മാണം തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment