കേരളത്തില്‍ പ്രചാരണത്തിന് പ്രിയങ്ക..?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്ന നിലപാടുമായി കെപിസിസി. കേരളത്തില്‍ പ്രിയങ്കാ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി. വിദേശത്തു നിന്നു പ്രിയങ്ക മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും. തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള ഊര്‍ജിത പ്രചാരണത്തിനു തുടക്കമിടാന്‍ സംസ്ഥാന നേതൃത്വത്തോടു ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. പ്രിയങ്കയുടെ വരവ് പാര്‍ട്ടിക്കു കരുത്തേകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നെഹ്‌റു ഗാന്ധി നേതൃത്വത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണു മലയാളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണം സംബന്ധിച്ചു പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി. മലബാര്‍, മധ്യ കേരളം, തെക്കന്‍ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ 3 റോഡ് ഷോ നടത്താനാണ് പദ്ധതി. രാഹുലുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

യുപി കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രിയങ്കയുടെ സേവനം മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അവര്‍ എവിടെയൊക്കെ പോകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു നല്‍കാനാവില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

pathram:
Leave a Comment