സര്‍ക്കാരിനു മുകളില്‍ ഒരു ഓഫീസറും പറക്കേണ്ട..!!! പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നു: കോടിയേരി

തിരുവനന്തപുരം: സിപിഎം ജില്ലാ ഓഫീസ് അര്‍ദ്ധരാത്രിയില്‍ റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിസിപി ചൈത്ര തെരേസ ജോണ്‍ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. സര്‍ക്കാരിനു മുകളില്‍ ഒരു ഓഫീസറും പറക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സിപിഐഎം നിരോധിച്ച പാര്‍ട്ടിയല്ല. പാര്‍ട്ടി ഓഫീസില്‍ ഏതെങ്കിലും കേസിലെ പ്രതി ഒളിച്ചുതാമസിക്കുന്നില്ല. അങ്ങനെയൊരു വിവരമുണ്ടെങ്കില്‍, ആ പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കില്‍, പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നു. പാര്‍ട്ടി ഓഫീസില്‍ നിന്ന് ഒരു പ്രതിയേയും പിടികൂടാന്‍ ഡിസിപിക്ക് കഴിഞ്ഞില്ല. നിയമവാഴ്ച നടപ്പാക്കുന്നതിന് പകരം ഒരു പ്രഹസനം നടത്താനാണ് ഡിസിപി ശ്രമിച്ചതെന്ന് കോടിയേരി ആരോപിച്ചു.

പാര്‍ട്ടി ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധന ആസൂത്രിതമാണെന്ന് കരുതുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടത്താനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന് കീഴിലും സര്‍ക്കാരിന് വിധേയരുമാണ്. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരേയും അനുവദിക്കില്ലെന്നും കോടിയേരി ആവര്‍ത്തിച്ചു.

ബുധനാഴ്ച രാത്രി ഒരു സംഘം ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ അമ്പതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്‌സോ കേസില്‍ അറസ്റ്റിലായ രണ്ട് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ഇവരില്‍ ചിലര്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിസിപിയുടെ ചുമതല വഹിച്ച എസ് പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.

ശബരിമല ഡ്യൂട്ടിക്ക് പോയ ആര്‍ ആദിത്യക്ക് പകരമായാണ് വിമണ്‍ സെല്‍ എസ്പിയായ ചൈത്ര തെരേസ ജോണ്‍ തിരുവനന്തപുരം ഡിസിപിയുടെ ചുമതലയില്‍ ഡ്യൂട്ടിക്കെത്തിയത്. റെയ്ഡിനെ തുടര്‍ന്ന് ഡിസിപിയുടെ ചുമതലയില്‍നിന്ന് പിറ്റേ ദിവസം തന്നെ ചൈത്ര തെരേസ ജോണിനെ ഒഴിവാക്കി. റെയ്ഡിനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്താന്‍ എഡിജിപി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തിയിരുന്നു.

മനോജ് എബ്രഹാം ഡിജിപിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല. പരിശോധന നടപടിയെ റിപ്പോര്‍ട്ടില്‍ ന്യായീകരിക്കുന്നുണ്ട്. പ്രതികളെ പിടിക്കാനുള്ള അന്വേഷണത്തിനിടയില്‍ ലഭിച്ച വിവരപ്രകാരമായിരുന്നു പരിശോധന. അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടറും കൂടെയുണ്ടായിരുന്നു. പിറ്റേദിവസം തന്നെ സെര്‍ച്ച് റിപ്പോര്‍ട്ടടക്കം കോടതിയില്‍ നല്‍കിയതിനാല്‍ ചട്ടലംഘനമില്ല. പ്രതികളില്ലെന്ന് ബോധ്യമായതോടെ മറ്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പിന്‍മാറിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ രാത്രിയില്‍ കയറുമ്പോള്‍ ക്രമസമാധാന പ്രശ്‌ന സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താമായിരുന്നു. കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമായിരുന്നൂവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട വിഷയമായതിനാല്‍ റിപ്പോര്‍ട്ട് ഡി.ജി.പി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയെ അറിയിക്കും. പാര്‍ട്ടി ഓഫീസില്‍ പരിശോധിച്ചിട്ടും പ്രതിയെ കിട്ടിയില്ലെന്നതാണ് ചൈത്രക്ക് തിരിച്ചടിയായിരിക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിയും പുറത്ത് സി.പി.എമ്മും ഇത് ആയുധമാക്കിയതോടെ ചൈത്രക്കെതിരായ നടപടി തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തല്‍. ചൈത്രയിപ്പോള്‍ ക്രമസമാധാന ചുമതലയില്ലാത്ത വനിത സെല്‍ എസ്.പിയായതിനാല്‍ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റം ഉണ്ടായേക്കില്ല. ശാസനയിലോ താക്കീതിലോ ഒതുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അതിനാല്‍ ഡി.ജി.പിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രിയെടുക്കുന്ന നിലപാടനുസരിച്ചാവും തീരുമാനം.

pathram:
Related Post
Leave a Comment