ആറ് വര്‍ഷം മുന്‍പും മനുഷ്യക്കടത്ത് നടത്തി; പ്രതിയുടെ മൊഴി

കൊച്ചി: മുനമ്പത്തു നിന്നും 2013 ലും മനുഷ്യക്കടത്ത് നടന്നതായി കസ്റ്റഡിയിലെടുത്ത ഡല്‍ഹി സ്വദേശിയുടെ മൊഴി. മുനമ്പത്തു നിന്നും ദയാമാത ബോട്ടില്‍ 120 പേരെ കടത്തിയ സംഭവത്തില്‍ കസ്റ്റഡിയിലായ പ്രഭു ദണ്ഡപാണിയാണ് നേരത്തേയും മനുഷ്യക്കടത്ത് നടന്നതായി പോലീസിന് മൊഴി നല്‍കിയത്.

2013 ല്‍ ഓസ്‌ട്രേലിയക്കടുത്തുള്ള ക്രിസ്മസ് ദ്വീപിലേക്കാണ് മുനമ്പത്തുനിന്നും മനുഷ്യക്കടത്ത് നടത്തിയത്. ക്രിസ്മസ് ദ്വീപില്‍ നിന്നും കടക്കാന്‍ ശ്രമിച്ച ഇവരെ പിടികൂടി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. ഇതിന് ശേഷം പലതവണ മുനമ്പത്തുനിന്നും മനുഷ്യക്കടത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും പ്രഭു മൊഴി നല്‍കി.

ഡല്‍ഹിയില്‍ നിന്നും 71 പേരെ മുനമ്പത്ത് എത്തിച്ചതിന് പിന്നില്‍ പ്രഭുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തിയേക്കും. ഇവരില്‍ 19 പേര്‍ക്ക് ബോട്ടില്‍ കയറാനായില്ല. ഇത്തവണയും ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് ബോട്ട് യാത്ര തിരിച്ചിട്ടുള്ളത്.

ദയാമാതാ ബോട്ട് വാങ്ങാന്‍ മുഖ്യപ്രതി ശ്രീകാന്തിനൊപ്പം നിന്ന തിരുവനന്തപുരം സ്വദേശി അനില്‍ ഒരു ലക്ഷം രൂപ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. ഇയാളേയും പ്രതി ചേര്‍ത്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് കരുതുന്നത്.

pathram:
Leave a Comment