ആസിഡ് ആക്രമണം നടത്തിയ കേസില്‍ വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

കൊച്ചി: പിറവം രാമമംഗലത്ത് വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതി പിടിയില്‍. ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയെയാണ് രാമമംഗലം പോലീസ് പിടികൂടിയത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്മിതയ്ക്കും നാല് പെണ്‍മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായത്. 14 വയസുള്ള മകളുടെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിരുന്നു. കുട്ടിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. എന്നാല്‍, കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പിന്നീട് അറിയിച്ചു.

രാമമംഗലം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്മിതയുടെ രണ്ടാം ഭര്‍ത്താവ് റെനി പിടിയിലായത്. കൈയ്യില്‍ ആസിഡ് വീണ് പൊള്ളലേറ്റതിന്റെ പാട് കണ്ടെത്തിയതിനെത്തുടര്‍ന്ന് റെനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വീട്ടമ്മയുടെ ആദ്യ വിവാഹത്തിലെ കുട്ടികളെ റെനി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും റെനി ജയിലിലാവുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

കേസില്‍പെടുത്തിയതിനും ജയിലിലാക്കിയതിനും പ്രതികാരമായാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് വിവരം. പൊള്ളലേറ്റ കുട്ടികള്‍ ചികിത്സയിലാണ്. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ആസിഡ് ഒഴിച്ചശേഷവും റെനി കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയും ഒന്നുമറിയാത്തതായി നടിക്കുകയും ചെയ്തിരുന്നു. റെനിയെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി.

pathram:
Leave a Comment