അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയ അലോക് വര്‍മ സര്‍വീസില്‍നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചതിന് പിന്നാലെയാണ് രാജി. സിബിഐയില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായെന്ന ആരോപണം അടക്കമുള്ള അദ്ദേഹം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് രാജി.

ഡല്‍ഹി പോലീസ് കമ്മീഷണര്‍ , ജയില്‍ ഡിജിപി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് സിബിഐയുടെ തലപ്പത്തേക്കുള്ള അലോക് വര്‍മ്മയുടെ വരവ്. കേന്ദ്രഭരണപ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 22ാം വയസ്സിലാണ് അലോക് വര്‍മ സിവില്‍ സര്‍വ്വീസിന്റെ ഭാഗമാകുന്നത്. സിബിഐയില്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍പരിചയമുണ്ടായിട്ടല്ല അലോക് വര്‍മ ഡയറക്ടറായത് എന്നതും ശ്രദ്ധേയമാണ്.

അടിസ്ഥാനരഹിതവും ബാലിശവുമായി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റിയതെന്ന് ആലോക് വര്‍മ പറഞ്ഞിരുന്നു. പുറമെ നിന്നുള്ള ഇടപെടലുകളില്ലാതെയാണു സിബിഐ പ്രവര്‍ത്തിക്കേണ്ടത്. തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും സിബിഐയുടെ അന്തസത്ത നിലനിര്‍ത്താന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും വര്‍മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ രാത്രിയില്‍ ചേര്‍ന്ന ഉന്നതതല സമിതിയോഗം അദ്ദേഹത്തെ മാറ്റിയതിനുപിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയ ആലോക് വര്‍മയെ കേന്ദ്രആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായിട്ടാണു നിയമിച്ചിരിക്കുന്നത്. 1979 ബാച്ച് ഐപിഎസ് ഓഫിസറാണ് അദ്ദേഹം. സിബിഐ മേധാവിസ്ഥാനത്ത് രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ 20 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു സ്ഥാനചലനം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച്, ആലോക് വര്‍മയെ മാറ്റിയ കേന്ദ്ര ഉത്തരവ് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹം ജോലിയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവു ഇറക്കിയ ഉത്തരവുകള്‍ അദ്ദേഹം റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ (സിവിസി) റിപ്പോര്‍ട്ട് വിലയിരുത്തി വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.

pathram:
Related Post
Leave a Comment