വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തൂക്കിനോക്കിയ ശേഷം നിരക്ക് ഈടാക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. നിരക്ക് ഏകീകരിച്ച് എയര്‍ഇന്ത്യ ഇറക്കിയ ഉത്തരവിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ഉള്‍പ്പെടുത്തും.
ഈ മാസം 11, 12 തീയതികളില്‍ ദുബൈ, അബുദാബി എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി മുമ്പാകെ വിഷയം പ്രവാസി സംഘടനപ്രവര്‍ത്തകര്‍ ഉന്നയിച്ചു. മരണശേഷവും പ്രവാസികളെ ചൂഷണം ചെയ്യുന്ന കേന്ദ്രനിലപാട് അവസാനിക്കണമെന്നാണ് ആവശ്യം. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ സൗജന്യമായിട്ടാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.

pathram:
Related Post
Leave a Comment