ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം; സിപിഎം ഓഫീസിന് തീയിട്ടു, കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ പരക്കെ അക്രമം. മലപ്പുറം തവനൂരില്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശായ്ക്ക് തീയിട്ടു. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് രാവിലെ നിരത്തിലിറങ്ങിയത്.
തിരുവനന്തപുരത്ത് ട്രയിനില്‍ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സമയത്ത് ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. രാവിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയ അയ്യപ്പന്‍മാര്‍ അടക്കമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കോഴിക്കോട് പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡില്‍ ടയറുകള്‍ കത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കെഎസ്ആര്‍ടിസിയുടെയും കാറിന്റെയും ചില്ലുകള്‍ തകര്‍ത്തു. പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസിക്കു നേരെയും ഡിവൈഎഫ്‌ഐ ഓഫീസിനു നേരെയും കല്ലേറുണ്ടായി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് പോകുന്നവര്‍ക്ക് പോലീസ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തയ്യാറായാല്‍ സംരക്ഷണം നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ ബിജെപിശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തും.
കൊട്ടാരക്കര പള്ളിക്കലിലും, കോട്ടാത്തലയിലും ബിജെപിഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. കോട്ടാത്തലയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂരില്‍ കാറിനു നേരയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. പമ്പയില്‍ അയ്യപ്പ ഭക്തന്‍മാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പതിഷേധവും ഹര്‍ത്താല്‍ ആചരണവും സമാധാനപരമായിരിക്കണമെന്നു ബി.ജെ.പി. സംസ്ഥാനകമ്മിറ്റി അഭ്യര്‍ഥിച്ചു. വ്യാഴാഴ്ച കരിദിനമാചരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, മരണം, അടിയന്തര യോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാത്രകളെയും തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.

pathram:
Leave a Comment