ചരിത്രത്തില്‍ ഇടം നേടി കനകദുര്‍ഗയും ബിന്ദുവും; ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു

പത്തനംതിട്ട: സുപ്രീംകോടതി വിധി വന്ന ശേഷം ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന യുവതികളെന്ന റെക്കോര്‍ഡിട്ട് കനകദുര്‍ഗയും ബിന്ദുവും. ഇരുവരും ഇന്ന് പുലര്‍ച്ചെ ശബരിമല സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. നേരത്തെ ഒരു സ്വകാര്യ ചാനലിനോടാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ദര്‍ശനം നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കിയെന്ന് കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. ഇന്ന് പുലര്‍ച്ചെയോടെയാണ് സന്നിധാനത്ത് എത്തിയതെന്നാണ് ഇവര്‍ പറയുന്നത്.


കനകദുര്‍ഗയും ബിന്ദുവും നേരത്തെയും ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്ന് നീലിമല കഴിഞ്ഞപ്പോള്‍ കനത്ത പ്രതിഷേധമുണ്ടായതിനെത്തുടര്‍ന്ന് ഇരുവരും മടങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനകദുര്‍ഗയ്ക്ക് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാനെന്നു പറഞ്ഞാണ് കനകദുര്‍ഗ വീട്ടില്‍നിന്ന് ഇറങ്ങിയതെന്നും പിന്നീടാണ് ശബരിമലയില്‍ പോയതായി അറിഞ്ഞതെന്നും ഭര്‍ത്താവും കുടുംബവും നേരത്തേ പറഞ്ഞിരുന്നു.
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് ഇരുവര്‍ക്കും സുരക്ഷ നല്‍കാനാകില്ലെന്നായിരുന്നു പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.ഒന്നേകാല്‍ ലക്ഷത്തോളം ഭക്തര്‍ എത്തുന്ന സ്ഥലത്ത് രണ്ടു പേര്‍ക്ക് മാത്രമായി സുരക്ഷ നല്‍കിയാല്‍ ഉണ്ടാകുന്ന തിരക്ക് മൂലം മറ്റ് ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ തിരക്ക് കുറവുള്ള ദിവസം യാത്ര ചെയ്താല്‍ സുരക്ഷ നല്‍കാമെന്നും പൊലീസ് അറിയിച്ചിരുന്നു.
pathram:
Related Post
Leave a Comment