നരേന്ദ്ര മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ ഞങ്ങളനുവദിക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാ്ന്ധി. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതിത്തള്ളുന്നതു കോണ്‍ഗ്രസ് മുഖ്യ പ്രചാരണ വിഷയമാക്കും. കര്‍ഷകര്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കും. കര്‍ഷകരെ കൈവിട്ട് ഏതാനും വ്യവസായികളുടെ പോക്കറ്റില്‍ കോടികള്‍ വച്ചുകൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇനി ഉറക്കമില്ലാത്ത നാളുകളാണ്. മോദിയുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങളുമായി കോണ്‍ഗ്രസ് മുന്നിട്ടിറങ്ങും.
നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ല. രണ്ടു സംസ്ഥാനങ്ങളില്‍ അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചു രാഹുല്‍ പറഞ്ഞു
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിങ്കളാഴ്ച അധികാരമേറ്റ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ പശ്ചാത്തലത്തിലാണു രാഹുലിന്റെ മുന്നറിയിപ്പ്. രണ്ടു സംസ്ഥാനങ്ങളിലെയും നടപടി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി ഇന്ത്യയെ രണ്ടാക്കി. പാവങ്ങളും കര്‍ഷകരും ചെറുകിട വ്യാപാരികളും യുവാക്കളും ഒരു വശത്ത്. മറുവശത്താകട്ടെ 15 വ്യവസായികളും രാഹുല്‍ ആരോപിച്ചു.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, ഈ വിഷയത്തില്‍ നേരത്തേ നിലപാടു വ്യക്തമാക്കിയതാണെന്നായിരുന്നു പ്രതികരണം

pathram:
Leave a Comment