ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു.
ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് ട്രായ് നടപ്പിലാക്കുക. ഇതുപ്രകാരം പ്രതിമസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കണമെങ്കില്‍ മാത്രം അധിക തുക നല്‍കിയാല്‍ മതി. പേ ചാനലുകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ തയാറാക്കാന്‍ ഡിടിഎച്ച്, കേബിള്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അറുപത് ദിവസത്തിനുള്ളില്‍ ചാനലുകള്‍ സൗജന്യമാണോ എന്നും അതല്ലെങ്കില്‍ നിരക്കെത്രയാണെന്നും വ്യക്തമാക്കാന്‍ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുകയ്ക്കനുസരിച്ച് പ്രത്യേക പാക്കേജുകളും അതിന്റെ നിരക്കും നിശ്ചയിക്കാന്‍ വിതരണക്കാര്‍ക്കു 180 ദിവസവും അനുവദിച്ചിട്ടുണ്ട്.
കൂടുതല്‍ പേ ചാനലുകളുണ്ടെങ്കില്‍ ഓരോ ചാനലിനും പ്രത്യേക നിരക്ക് വേണമെന്നും ട്രായ്‌യുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇവ ഒരുമിച്ച് നല്‍കുന്നുണ്ടെങ്കില്‍ മൊത്തം ചാനലുകളുടെ ആകെ തുകയില്‍ നിന്നും 15 ശതമാനത്തിലധികം കുറയാന്‍ പാടില്ലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. സാധാരണ പാക്കേജിനു പുറമെ സൗജന്യചാനലുകളുടെ ഒരു പാക്കേജെങ്കിലും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഈ മാസം 29 മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ഡിടിഎച്ചില്‍ 75 രൂപ നിരക്കില്‍ ലഭ്യമായിരുന്ന ഡി സ്‌പോര്‍ട്‌സിനു 4 രൂപയാണ് പുതിയ നിരക്ക്. എന്നാല്‍ ട്രായ്‌യുടെ പുതിയ ചട്ടപ്രകാരം സ്റ്റാര്‍, സോണി, സീ, കളേഴ്‌സ് തുടങ്ങിയ ചാനല്‍ ശൃംഖലകളുടെ മുഴുവന്‍ ചാനലുകളും തിരഞ്ഞെടുക്കുന്നവര്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടവരുമെന്നാണ് വിലയിരുത്തല്‍. പേ ചാനലുകള്‍ എല്ലാം ലഭിക്കണമെങ്കിലും കൂടുതല്‍ നിരക്ക് നല്‍കേണ്ടിവരും.
പുതിയ ചട്ടപ്രകാരം ഈടാക്കാവുന്ന പരമാവധി നിരക്കുകള്‍ ചുവടെ…
പേ ചാനലുകള്‍ക്ക് 12 രൂപ
സിനിമ ചാനലുകള്‍ക്ക്10 രൂപ
കുട്ടികളുടെ വിനോദ ചാനലുകള്‍ക്ക് 7 രൂപ
വാര്‍ത്താ ചാനലുകള്‍ക്ക് – 5 രൂപ
കായിക ചാനലുകള്‍ക്ക് 10 രൂപ
ആധ്യാത്മിക ചാനലുകള്‍ക്ക് 3 രൂപ
Leave a Comment