ജമ്മുകാശ്മീര്‍: ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും നാട്ടുകാരും ഭീകരരുമുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരില്‍ ചിലരാണ് കൊല്ലപ്പെട്ടത്.
സുരക്ഷാ സേനയുടെ വെടിയേറ്റ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പുല്‍വാമയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷാസേനയക്ക് നേരെ പ്രദേശവാസികളില്‍ നിന്ന് രൂക്ഷമായ ആക്രമണം നേരിടേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊല്ലപ്പെട്ടവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലിയാഖത് ദര്‍, സുഹൈല്‍ അഹമ്മദ്,അമിര്‍ അഹമ്മദ്, അബിദ് ഹുസൈന്‍ ന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സൈനിക നടപടി തടസപ്പെടുത്താനെത്തിയ നാട്ടുകാരെ നേരിടാന്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ സിര്‍ണു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഒരു ആപ്പിള്‍ തോട്ടത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സുരക്ഷാ സേന നേരിട്ടത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഒളിച്ചിരുന്ന മൂന്ന് ഭീകരരെ സൈന്യം വധിച്ചു.
ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന സ്ഥലത്ത് എത്തിയത്. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരവിരുദ്ധ നീക്കം നടത്തിയത്.
വെടിവെപ്പില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

pathram:
Related Post
Leave a Comment