ബിജെപി നേതൃയോഗം നാളെ

ഡല്‍ഹി: ബിജെപി നേതൃയോഗം നാളെ ഡല്‍ഹിയില്‍ ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടി തന്നെയാകും പ്രധാന ചര്‍ച്ചാ വിഷയം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജന്‍ഡയിലുണ്ട്. എം.പിമാര്‍, സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും നേട്ടം കൊയ്ത ബിജെപിക്ക് ഇത്തവണ സ്വന്തം കോട്ടകള്‍ കാത്തുസൂക്ഷിക്കാനായില്ല.
ബിജെപിയുടെ പതനത്തിനു കാരണങ്ങള്‍ പലതാണ്: കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ഇന്ധന വിലക്കയറ്റം, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍, ജനങ്ങളുടെ മടുപ്പ്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കെട്ടിപ്പൊക്കിയ, അഭേദ്യമെന്നു കരുതിയ ബിജെപി സംഘടനാ സംവിധാനവും പൊടുന്നനെ ഉലഞ്ഞിട്ടുണ്ട്. ഇനി പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ ശബ്ദങ്ങള്‍ ഉയര്‍ന്നേക്കും. 6 മാസം പോലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു ഇല്ലാതിരിക്കെ പാര്‍ട്ടി കേഡര്‍മാരെ ഉദ്ദീപിപ്പിക്കാന്‍ എന്തെങ്കിലുമില്ലാത്ത അവസ്ഥയാണ്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയതോടെ മേല്‍കൈയ്യുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. ശബരിമല മുതല്‍ റഫാല്‍ ഇടപാടുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമം നടന്നു. ബഹളങ്ങളില്‍ മുങ്ങി ലോക്‌സഭ ഇന്നത്തേയ്ക്കും രാജ്യസഭ രണ്ടുമണിവരെയും പിരിഞ്ഞു.ശൈത്യകാലസമ്മേളനത്തിന്റെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ഉറച്ചാണ് പ്രതിപക്ഷ നീക്കം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ ക്ഷീണം പ്രതിപക്ഷ നിരയ്ക്ക് കരുത്തുപകര്‍ന്നു. റഫാല്‍ ഇടപാടിലെ അഴിമതി ഉന്നയിച്ച് കോണ്‍ഗ്രസും ആര്‍ബിെഎ ഗവര്‍ണറുടെ രാജിയിലേയ്ക്ക് വഴിവെച്ച വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

pathram:
Leave a Comment