എന്താണ് ഒടിയന്‍? ; ചിത്രം കാണുന്നതിന് മുമ്പ് ഇത് ഒന്ന് വായിക്കണം….രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം, ഒടിയനെ കുറിച്ച് ടി. മുരളി എഴുതിയ കുറിപ്പും ചിത്രവും വൈറലാവുന്നു..

പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ കാണാന്‍ തയ്യാറെടുക്കുന്നത്. ഒടിയന്‍ എന്ന പേര് പോലും വലിയ വ്യത്യസ്തതയാണ്. സത്യത്തില്‍ ആരാണ് മിത്തുകളിലെ, ഐതിഹ്യങ്ങളിലെ ഒടിയന്‍. രാത്രിയിരുട്ടില്‍ ഒടിയന്‍ ഒരു പാതിയില്‍ മനുഷ്യന്‍, മറുപാതിയില്‍ മൃഗം. പൂര്‍ണഗര്‍ഭിണിയുടെ ഭ്രൂണം മുളങ്കമ്പു കൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകര്‍മ്മം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. ഇപ്പോഴിതാ ഒടിയനെ കുറിച്ച് ചിത്രകാരനായ ടി. മുരളി എഴുതിയ കുറിപ്പും അദ്ദേഹം വരച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു.

‘ഒടിയന്‍’

ഒടിയന്‍മാര്‍ രാത്രി കാലങ്ങളിലെ പേടിസ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കന്‍ മലബാറില്‍ ഏതാണ്ട് 80 വര്‍ഷം മുമ്പു വരെ നിലനിന്നിരുന്നു.

മാന്ത്രികതയിലും അനുഷ്ഠാന ആചാരങ്ങളിലുമായി തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സവര്‍ണ്ണ പൌരോഹിത്യ താല്‍പര്യത്താല്‍ സ്ഥാപിതമായ ഒരു അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയല്‍.

ഒടി മറിയുക എന്നാല്‍ വേഷം മാറുക എന്നര്‍ത്ഥം. നേരം ഇരുട്ടിയാല്‍ അനുഷ്ഠാനപരമായ ചില പൂജകള്‍ക്കു ശേഷം ഒടിമറിയാന്‍ തയ്യാറാകുന്ന വ്യക്തി പൂര്‍ണ നഗ്‌നനായി ചെവികളില്‍ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കില്‍ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം. (പൊതു വഴികളില്‍ വൈദ്യുതി വിളക്കുകള്‍ അപൂര്‍വ്വമായിരുന്ന 60 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉള്ള കേരളത്തില്‍ ഒരു മാന്ത്രിക മരുന്നും ഇല്ലാതെ തന്നെ രാത്രികാലങ്ങളില്‍ ഒടി മറിഞ്ഞു അപ്രത്യക്ഷന്‍ ആകാനുള്ള ഇരുട്ട് സുലഭമായിരുന്നു എന്നോര്‍ക്കുക.)

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തില്‍ ബ്രാഹ്മണ പൌരോഹിത്യത്തിന്റെ ഉടമസ്ഥതയിലുള്ള സവര്‍ണ മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കപ്പെട്ടിരുന്ന ആശാരി / മൂശാരി / തട്ടാന്‍ / ഈഴവര്‍തിയ്യര്‍ / മാപ്പിള തുടങ്ങിയ ബൌദ്ധ/ അസവര്‍ണ്ണ ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകര്‍ / മാപ്പിളമാര്‍ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി.

ചെകോ പുളപ്പും ജോനക പുളപ്പും

‘ചെകൊപുളപ്പും, ജോനക പുളപ്പും തീര്‍ക്കുക’ എന്നാണു ഈ വംശീയ ഉന്മൂലന തന്ത്രത്തെ വടക്കന്‍ പാട്ടുകളില്‍ വിശേഷിപ്പിച്ച് കാണുന്നത്. കളരി ചേകവ ഗുരുക്കന്മാരെ ആവശ്യപ്പെടുന്ന അത്രയും സ്വര്‍ണക്കിഴികളും ദക്ഷിണയായും കാണിക്കയായും കൊടുത്ത് ആദരിച്ചു വിളിച്ചു വരുത്തി പരസ്പരം അങ്കം വെട്ടിച്ച് കൊല്ലിക്കുന്ന ഒരു തന്ത്രം മലബാറില്‍ ജനകീയ ഉത്സവമായി ത്തന്നെ നടന്നിരുന്നല്ലോ.
മലബാറിലെ തിയ്യന്മാരുടെ ബൌദ്ധ കളരികളുടെ പ്രാമാണ്യത്തെ /മേധാവിത്വത്തെ ഇല്ലാതാക്കാനായി സവര്‍ണ പൌരോഹിത്യം നടപ്പാക്കിയ ‘ചതിപ്പോരാ’യിരുന്നു ഇത്. നായന്മാര്‍ക്ക് ( ശൂദ്രന് ) ഇടയിലെ നിസാര ദുരഭിമാന തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള ‘തര്‍ക്ക പരിഹാര’ മാര്‍ഗ്ഗമായാണ് താന്ത്രികമായി തിയ്യ ചേകവന്മാരെ ഉന്മൂലനം ചെയ്യാനുള്ള അങ്കങ്ങള്‍ നടപ്പാക്കിയിരുന്നത്.

ഇതിന്റെ ഭാഗമായുണ്ടാക്കിയിരുന്ന അങ്കങ്ങള്‍ക്കു ശേഷം വിജയിച്ച ആരോമല്‍ ചേകവരെ മച്ചൂനനെ കൊണ്ട് കുത്തുവിളക്ക് ഉപയോഗിച്ച് ചതിയില്‍ കൊലപ്പെടുത്തുന്നതും പിന്നീട് ചതിയനായ മച്ചൂനന്‍ ചന്തു വിജശ്രീലാളിതനായി ‘ചന്തു കുറുപ്പ്’ എന്ന പേരില്‍ സവര്‍ണ പക്ഷത്തേക്ക് മാറ്റപ്പെടുന്നതും ‘കുറുപ്പ്’ എന്നൊരു ജാതിപ്പേര്‍
സവര്‍ണ്ണ മതം തിയ്യരില്‍ നിന്നും ശൂദ്ര പക്ഷത്ത് എത്തുന്നവര്‍ക്കായി നിര്‍മ്മിച്ചതായും പ്രകടമായി കാണാം. ഇതുപോലെ മുസ്ലിങ്ങളുടെ വളര്‍ച്ച തടയാന്‍ അവരെ കളരി പഠിപ്പിച്ച ആരോമല്‍ ചേകവരുടെ പെങ്ങളായ ഉണ്ണിയാര്‍ ച്ച പോലുള്ള ചേകവ സ്ത്രീകളെ ഉപയോഗിച്ച് വെട്ടി നിരത്തുന്ന തന്ത്രവും വടക്കന്‍ പാട്ടുകളില്‍ കാണാം.

തെക്കന്‍ കേരളത്തില്‍ ഇതിനോട് സമാനമായി ‘ഇഞ്ച്ത്തലയും ഈഴ്തലയും വളരുമ്പോള്‍ കൊത്തണം’ എന്ന പഴം ചൊല്ലും നിലനിന്നിരുന്നു. പഴഞ്ചൊല്‍ പ്രപഞ്ചം എന്ന പുസ്തകത്തില്‍ പ്രൊഫ.പി.സി.കര്‍ത്ത ഇതിനെ വിശദീകരിക്കുന്നത്, ഈഴവരെ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത് എന്നാണു. വൈദിക ബ്രാഹ്മണരുടെ സവര്‍ണ്ണജാതീയ മതത്തിന് ഭീഷണിയായിരുന്ന കളരികളുടെ ഉടയോരായിരുന്ന (ഇന്നത്തെ പിന്നോക്കക്കാരായ) ബൌദ്ധ സമൂഹത്തെ അടിച്ചമര്‍ത്താനുള്ള ബ്രാഹ്മണ താന്ത്രികത എന്ന് പറയാം.

ഒടി മറിയല്‍

ഇരുട്ടിന്റെ മറവില്‍ ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിന്‍കഴുത്തില്‍ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തില്‍ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയില്‍ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയില്‍ ചവിട്ടു കയുമാണ്
ഒടിയന്‍ ചെയ്യുക. ഇര മൃതപ്രായനായെന്നു കണ്ടാല്‍ ഒടിയന്‍ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കല്‍ വെച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനില്‍ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചര്‍ദ്ദിച്ച് മരിക്കുകയായിരുന്നു വംശീയ ഉണ്മൂലനത്തിനു വിധേയരായിരുന്ന വള്ളുവനാട്ടിലെ സമ്പന്നരായിരുന്ന അസവര്‍ണ്ണ ഇരകളുടെ വിധി.

പിള്ള തൈലം

ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു എന്ന് കാണാം. അവര്‍ണ / തിയ്യ തറവാടുകളിലെ ഗര്‍ഭിണികളായ സ്ത്രീകളുമായി സ്‌നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകള്‍ (ഒടിയന്റെ ഭാര്യയോ മറ്റു കുടുംബാംഗങ്ങളായ സ്ത്രീകളോ) കാലു തടവി കൊടുക്കുന്നതിനിടയില്‍ ചില മര്‍മ്മപ്രയോഗങ്ങളിലൂടെ ഗര്‍ഭിണികളുടെ ഗര്‍ഭം അലസിപ്പിക്കുന്നതായും, മാസ്മരിക (ഹിപ്‌നോട്ടിസം) വിദ്യയിലൂടെ ഗര്‍ഭിണികളെ പിറ്റേന്ന് രാവിലെ കിണറ്റില്‍ ചാടിയും മറ്റും ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകള്‍ കേട്ടിട്ടുണ്ട്.

ഇങ്ങനെ ഗര്‍ഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അസവര്‍ണ / ഈഴവ/തിയ്യ സ്ത്രീകളുടെ മൃതശരീരത്തില്‍ നിന്നും ശേഖരിച്ചിരുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം !
അദൃശ്യമാകാനുള്ള ഈ മരുന്നിന്റെ നിര്‍മ്മാണ രീതിയിലെ അനുഷ്ടാന സ്വഭാവം തന്നെ പുതിയ നാമ്പ് പോലും നുള്ളിക്കൊണ്ട് ഒരു കുടുംബത്തെ മുഴുവനായി വംശീയ ഉന്മൂലനത്തിനത്തിന് വിധേയമാക്കിയിരുന്ന പൌരോഹിത്യ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയന്‍ കൊലപാതക ‘കലി’യടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയില്‍ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂര്‍വ്വ രൂപം പ്രാപിക്കുകയുള്ളു എന്നായിരുന്നു വിശ്വാസ ആചാരങ്ങള്‍. ഈ പ്രവര്‍ത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയന്‍ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ !

ഒടിയന്മാര്‍ എന്ന പേരിലുള്ള വാടക കൊലയാളികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങള്‍. 1940 കളില്‍ പോലും മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ഒടിയന്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകള്‍ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാര്‍ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടിവിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുന്‍ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നില്‍ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവികമായ അനുഷ്ഠാന കര്‍മ്മമാണ് ഒടിയന്‍ നിര്‍വ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ള ചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശ പ്രകാരം പ്രധാനികളായ ആശാരി / മൂശാരി/ തട്ടാന്‍ / ഈഴവതിയ്യരെ / മാപ്പിള/മുസ്ലീം തുടങ്ങിയ അസവര്‍ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അസവര്‍ണ കുടുംബത്തെ അനാഥരാക്കുക, വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങള്‍ വളരെ വിദഗ്ധമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാര്‍. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തില്‍ ഒടിയന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊലയാളികള്‍ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തില്‍ നിന്നുള്ള അടിമകളായിരുന്നു. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണര്‍ എന്ന ഗോത്രക്കാരില്‍ നിന്നുള്ള ജോലിക്കാരെയാണ് സവര്‍ണ്ണ ഭരണാധികാരികള്‍ ഭക്തിയിലൂടെ അന്ധരും അധാര്‍മ്മികരുമാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാര്‍ക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അസവര്‍ണ്ണരെ കൊല്ലാന്‍ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധ ഒടിയനെ ‘വെള്ളൊടികള്‍’ എന്നു പറഞ്ഞിരുന്നത്രേ! ഇവര്‍ ഒടിവിദ്യ നടത്തിയാല്‍ ഇരകള്‍ക്ക് കളരി ചികിത്സയായ ‘മറുവൊടി’യിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ !

തീവെട്ടിക്കൊള്ള

ഒടിയനെ ഉപയോഗിച്ചുള്ള ബൌദ്ധ (അസവര്‍ണ ) സമൂഹത്തിന്റെ അഭിവൃദ്ധി തടയാനുള്ള പൌരോഹിത്യ തന്ത്രം മലബാറില്‍ വിദഗ്ധമായി പ്രയോഗിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഭാഗത്ത് കായല്‍ ഉള്ള പ്രദേശങ്ങളില്‍ സവ
ര്‍ണ മാടമ്പികള്‍ നടപ്പാക്കിയിരുന്ന സമ്പന്നരായ ബൌദ്ധ അസവര്‍ണരെയും മാപ്പിളമാരെയും കൊള്ളചെയ്യുന്ന ഒരു അനുഷ്ടാനമായിരുന്നു തീവെട്ടിക്കൊള്ള.

കായലുകള്‍ ഏറെയുള്ള ആലപ്പുഴ കുട്ടനാട് ഭാഗങ്ങളിലാണത്രേ തീവെട്ടിക്കൊള്ള എന്ന സവര്‍ണ ചൂഷണ തന്ത്രം പ്രചാരത്തില്‍ ഉണ്ടായിരുന്നത്. കായലോരത്തെ ജന്മി കുടുംബങ്ങളില്‍ പലതിലും അക്കാലത്ത് കവര്‍ച്ച സംഘങ്ങള്‍ തന്നെ ഉണ്ടായിരുന്നു എന്നാണു എന്‍ .കെ. കമലാസനന്‍ അദ്ദേഹത്തിന്റെ കുട്ടനാടിനെ കുറിച്ചുള്ള ചരിത്രഗ്രന്ഥത്തില്‍ പറയുന്നത്.

ജന്മികളില്‍ പലരും രാജ കുടുംബങ്ങളുമായി ബന്ധമുള്ളവരാണ്. ഭരണതലത്തില്‍ ചെറിയ ചെറിയ മാടമ്പി രാജാക്കന്മാര്‍. പറയ സമുദായത്തിലെ അടിമകളെയാണ് ജന്മികള്‍ തീവെട്ടിക്കൊള്ള നടത്താനായി ഉപയോഗിച്ചിരുന്നത്. കവര്‍ച്ച സംഘത്തിലെ അംഗങ്ങളെ കായിക വിദ്യകളും ഈ മാടമ്പികള്‍ പഠിപ്പിച്ചിരുന്നു. തീവെട്ടിക്കൊള്ളക്കാര്‍ എന്നാണ് നാട്ടുകാര്‍ ഇവരെ വിളിച്ചിരുന്നത്.

കായലിലെ ജലപാതകളില്‍ രാത്രി കാലത്ത് ഓരം ചേര്‍ത്തു നിര്‍ത്തിയ വള്ളങ്ങളില്‍ പതുങ്ങി കിടന്ന് ഒറ്റപ്പെട്ടു വരുന്ന യാത്ര വഞ്ചികളെ കൊള്ളയടിക്കുകയാണ് ചെയ്യുക. യാത്ര വള്ളങ്ങള്‍ ദൂരെ നിന്ന് കാണുമ്പോള്‍ ഇവരുടെ വള്ളങ്ങളില്‍ പന്തങ്ങള്‍ തെളിയും. നീളം കുറഞ്ഞ കമ്പിന്റെ അറ്റത്ത് തുണി ചുറ്റി പുന്നക്കാ എണ്ണയില്‍ മുക്കി കത്തിക്കുന്നതാണ് പന്തം. പന്തം കത്തിച്ച് അട്ടഹസിച്ചു കൊണ്ട് യാത്ര വഞ്ചിയില്‍ ഉള്ള യാത്രക്കാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും സാധനങ്ങളും പിടിച്ചെടുക്കും.

പ്രഭാതത്തിനു മുമ്പ് ഇവര്‍ ജന്മിയുടെ വീട്ടിലെത്തി കൊള്ളമുതല്‍ ജന്മിയെ ഏല്‍പ്പിക്കും. ജന്മി കൊടുക്കുന്ന നിസ്സാര കൂലിയും വാങ്ങി, തീവെട്ടിക്കൊള്ള നടത്താന്‍ ഉപയോഗിച്ച ജന്മിയുടെ വള്ളം തിരിച്ചേല്‍പ്പിച്ച് ആ അടിമകള്‍ പ്രത്യേകിച്ച് കുറ്റബോധം ഒന്നുമില്ലാതെ ഒരു അനുഷ്ടാനത്തില്‍ പങ്കെടുത്ത നിര്‍വൃതിയോടെ അവരവരുടെ കൂരകളിലെക്ക് തിരിച്ചു പോകും. മലബാറിലെ ഒടിയന്മാരുടെ ഒരു തിരുവിതാംകൂര്‍ പതിപ്പ് ബൌദ്ധ ജനങ്ങളെ അടിച്ചമര്‍ത്തല്‍ തന്ത്രം തന്നെയായിരുന്നു തീവെട്ടിക്കൊള്ള എന്ന് കാണാനാകും.

തിരുവിതാംകൂര്‍ രാജഭരണത്തിന്റെ അന്ത്യകാലത്ത് സംഭവിച്ച ആളുതെറ്റി തീവെട്ടിക്കൊള്ള നടന്നതിനെ തുടര്‍ന്നാണ് ഈ സവര്‍ണ ആചാരം അവസാനിച്ചതെന്നു പറയാം.

തീവെട്ടിക്കൊള്ളക്കാരായ അടിമകള്‍ കൊണ്ടുവന്ന വമ്പിച്ച കൊള്ളമുതല്‍ കണ്ടു സന്തോഷിച്ചിരുന്ന ജന്മി അതില്‍ ചില ആഭരണങ്ങള്‍ തന്റെ സഹോദരിയും സഹോദരി ഭര്‍ത്താവും അണിഞ്ഞിരുന്നത് ആണെന്ന് തിരിച്ചറിഞ്ഞു പകച്ചു കൊണ്ട് ‘കൊന്നൊടാ അവരെ ?’ എന്ന് ചോദിച്ച രംഗമാണ് തീവെട്ടിക്കൊള്ളയുടെ അവസാനമായതത്രേ !

pathram:
Related Post
Leave a Comment