ഡല്‍ഹി:കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എ വിടും. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഉപേന്ദ്ര കുശ്വാഹ അറിയിച്ചു. മന്ത്രി സ്ഥാനവും ഇന്ന് രാജിവെച്ചേക്കും. ഇതിനിടെ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്‍ഡിഎ യോഗത്തില്‍ ആര്‍എല്‍എസ്പി പങ്കെടുക്കില്ലെന്നും കുശ്വാഹ മന്ത്രി സ്ഥാനം ഇന്ന് രാജിവെക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ശീതകാല സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് എന്‍ഡിഎ യോഗം വിളിച്ചത്.
നിലവില്‍ മാനവ വിഭവശേഷി സഹമന്ത്രിയാണ് കുശ്വാഹ. ബിഹാറില്‍ ലോക്സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമം തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു.
2014-ല്‍ ബിജെപിക്കൊപ്പം എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച ആര്‍എല്‍എസ്പി മൂന്ന് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേതിനേക്കാളും കുറഞ്ഞ സീറ്റുകളാണ് ആര്‍എല്‍എസ്പിക്ക് നല്‍കിയതാണ് അവരെ ചൊടിപ്പിച്ചത്. ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുമായും കോണ്‍ഗ്രസുമായും ആര്‍എല്‍എസ്പി സഖ്യത്തിലേര്‍പ്പെടുമെന്നാണ് കരുതുന്നത്. ഇതിനിടെ ലോക് താന്ത്രിക് ജനതാ ദള്‍ നേതാവ് ശരത് യാദവുമായും ഉപേന്ദ്ര കുശ്വാഹ ചര്‍ച്ച നടത്തിയിരുന്നു
Leave a Comment