ദീപ നിശാന്ത് ചെയ്തത് വെറുതെയാകുമോ….?

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉപന്യാസ മത്സരം വീണ്ടും മൂല്യനിര്‍ണയം നടത്തിയേക്കും. കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപ നിശാന്തിനെ വിധികര്‍ത്താവായി നിയോഗിച്ചത് പ്രതിഷേധത്തിനിടയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. പരാതി കിട്ടിയാല്‍ ഹയര്‍ അപ്പീല്‍ സമിതിയെ കൊണ്ട് മൂല്യ നിര്‍ണയം നടത്താനാണ് നീക്കം. എന്ത് നടപടി വേണമെന്ന് ഹയര്‍ അപ്പീല്‍ കമ്മിറ്റി തീരുമാനിക്കുമെന്ന് ഡിപിഐ അറിയിച്ചു.

ദീപയ്‌ക്കെതിരേ ആരെങ്കിലും പരാതി നല്‍കിയാല്‍ ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയം വീണ്ടും നടത്താന്‍ തയാറാണ്. എന്നാല്‍ രേഖാമൂലം ആരും പരാതിയുമായി വിദ്യാഭ്യാസ വകുപ്പിനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

ഇന്ന് നടന്ന ഉപന്യാസ മത്സരത്തിന് വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം കലോത്സവ വേദിയില്‍ ഉണ്ടായിരുന്നു. കെഎസ് യു പ്രവര്‍ത്തകരാണ് ദീപയ്‌ക്കെതിരേ രംഗത്തെത്തിയത്. പോലീസ് ഇടപെട്ടാണ് ദീപയെ സ്ഥലത്ത് നിന്നും മാറ്റിയത്. ദീപയെ വിധി കര്‍ത്താവായി നിയോഗിച്ചതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന പ്രതിഷേധം അനാവശ്യമാണെന്നാണ് ദീപയുടെ നിലപാട്. കവിതാ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചതാണ്. പിന്നെയെന്തിനാണ് വീണ്ടും പ്രതിഷേധമെന്നാണ് ദീപ ചോദിക്കുന്നത്.

pathram:
Leave a Comment