സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

കടുത്തുരുത്തി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും പ്രണയം നടിച്ച് പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. വിദ്യാര്‍ഥിനികളെയും യുവതികളെയും പ്രണയം നടിച്ച് ലൈംഗികബന്ധത്തിന് ഇരയാക്കിയ ശേഷം നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സു (24) അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.
കോട്ടയത്തെ കാര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് യുവാവ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇരുപതിലധികം പേര്‍ ഇയാളുടെ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിന്റെ മറവില്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിവന്നത്. മൂന്നു വര്‍ഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം.
പോലീസ് പറയുന്നതിങ്ങനെ: ഒരു പ്രഥമാധ്യാപികയ്ക്ക് തന്റെ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി വിവരം കിട്ടി. ഈ വിവരം ജില്ലാ പോലീസ് മേധാവിയുടെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി കോഓര്‍ഡിനേറ്ററെ അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി.
ഇയാളുടെ മൊബൈലില്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാണിച്ചുകൊടുത്തതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറി. തന്റെ ഒരു കൂട്ടുകാരി ഇത്തരത്തില്‍ മറ്റൊരാളുടെ കെണിയില്‍പ്പെട്ടതായി പെണ്‍കുട്ടി പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് !!ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്.
അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് സെല്‍ഫിയെടുത്തിരുന്നു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങളും ചാറ്റിങ്ങിലൂടെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വെച്ച് പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിയുടെ പുറത്ത് ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ഥിനി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതും മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ ഇത് കാണിച്ച് സ്ഥിരമായി കുട്ടിയെ ഭീഷണിപ്പെടുത്തി.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശാനുസരണം യുവാവിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ മൊബൈലില്‍നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോള്‍ഡറുകളിലാക്കി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
മൊബൈല്‍ ശാസ്ത്രീയപരിശോധനകള്‍ക്കായി പോലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയില്‍പ്പെട്ട കൂടുതല്‍പേര്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

pathram:
Related Post
Leave a Comment