നടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി ; പോലീസിന് കനത്ത തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
നടിയെ ആക്രമിച്ച കേസിലെ പ്രധാനതെളിവായിരുന്ന മൊബൈല്‍ഫോണ്‍ നശിപ്പിച്ചതിന് പ്രതിചേര്‍ത്ത അഭിഭാഷകരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവരെയാണ് ഹൈക്കോടതി കേസില്‍നിന്ന് കുറ്റവിമുക്തരാക്കിയത്. അഭിഭാഷകര്‍ ഫോണ്‍ വാങ്ങിവെച്ചതല്ലാതെ മെമ്മറി കാര്‍ഡോ സിം കാര്‍ഡോ നശിപ്പിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നും, ഈ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചെന്നുമായിരുന്നു പോലീസിന്റെ കുറ്റപത്രം. ഇതേതുടര്‍ന്ന് നടിയെ ആക്രമിച്ച കേസില്‍ ഇരുവരെയും പ്രതിചേര്‍ക്കുകയും ചെയ്തു. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഇരുവരുടെയും ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അഭിഭാഷകര്‍ ഇതേആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചതിന് അഭിഭാഷകരെ കുറ്റവിമുക്തരാക്കിയത് പോലീസിന് വന്‍തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

pathram:
Leave a Comment