ശബരിമലയിലേയ്ക്ക് കടംകംപള്ളിക്കൊപ്പം പോകില്ല, മുഖ്യമന്ത്രിക്കൊപ്പം വേണമെങ്കില്‍ പോകാം, വനിതാ മതിലെന്ന പേരില്‍ പാര്‍ട്ടി പ്രചാരണം നടത്തുവെന്നും ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ കടംകംപള്ളി സുരേന്ദ്രന്‍ വിളിച്ചാല്‍ സന്ദര്‍ശിക്കാന്‍ പോകില്ല, മുഖ്യമന്ത്രിക്കൊപ്പം വേണമെങ്കില്‍ പോകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇതുവരെ പമ്പയില്‍ പോയിട്ടില്ല. അദ്ദേഹം വരികയാണെങ്കില്‍ ഞാനും പോകാന്‍ തയ്യാറാണെന്നും ചെന്നിത്തല അറിയിച്ചു.
സര്‍ക്കാര്‍ ചിലവില്‍ ഏതാനും സംഘടനകളെ വിളിച്ച് വരുത്തി വനിതാ മതിലെന്ന പേരില്‍ പാര്‍ട്ടി പ്രചാരണം നടത്തുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
ശബരിമലയില്‍ ഒരു നവോത്ഥാന പ്രശ്നങ്ങളും നിലനില്‍ക്കുന്നില്ല. അയിത്തവും അനാചാരവും നിലനില്‍ക്കുന്നില്ല. വനിതാ മതില്‍ പഞ്ചാസാരയില്‍ പൊതിഞ്ഞ പാഷാണമാണ്. ക്ഷേത്രപ്രവേശനത്തിന്റെ വാര്‍ഷികം ഇതുവരെ സര്‍ക്കാര്‍ ആഘോഷിച്ചിട്ടില്ലായിരുന്നു. ഇത്തവണ അതിനായി പൊതുഖജനാവില്‍ നിന്ന് ഒരു കോടിയോളം രൂപ ചിലവഴിച്ചു.
യുഡിഎഫ് സമാധാനത്തോടെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റേയും അനാവശ്യ സമരങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തി യുഡിഎഫ് ഈ മാസം അഞ്ചിന് സായാഹ്ന ധര്‍ണ്ണ നടത്തും.
സുപ്രീംകോടതി കേസ് പരിഗണിക്കേണ്ട സാഹചര്യത്തില്‍ ജനങ്ങളെ ഒരുമിപ്പിക്കാനാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ശബരിമലയില്‍ സ്ഥിതി ശാന്തമാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു ഭാഗത്ത് ബിജെപിയും ആര്‍എസ്എസും സംഘര്‍ഷഭരിതമാക്കി. മറുഭാഗത്ത് പോലീസ് കടുത്ത നിയന്ത്രണത്തിലൂടെ ഭക്തരെ ബുദ്ധിമുട്ടില്ലാക്കി. അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്കുള്ള യാത്രയാണ് ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരം. ഒരു ദിവസം പറയും സമരം പിന്‍വലിച്ചെന്ന്, മറ്റൊരു ദിവസം പറയും യുവതീ പ്രവേശനമല്ലെന്ന്. ഇടക്ക് പറയും യുവതീ പ്രവേശനമാണെന്ന്. എന്തിനാണ് സമരമെന്ന് പോലും അവര്‍ക്കറിയില്ലെന്നും ചെന്നിത്തല പരിഹസിച്ചു.
ഉപതിരഞ്ഞെടുപ്പില്‍ ഒരു പരിക്കും ഉണ്ടായിട്ടില്ല. പ്രദേശിക പ്രശ്നങ്ങളെ തുടര്‍ന്ന് ചിലയിടങ്ങളില്‍ സീറ്റ് നഷ്ടപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

pathram:
Leave a Comment