ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവില്‍: രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമടക്കം അഞ്ചു പേര്‍ പോലീസില്‍ മൊഴി നല്‍കി

തിരുവനന്തപൂരം: അപകടസമയത്ത് ബാലഭാസ്‌കര്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തകരും സമീപവാസികളുമടക്കം അഞ്ചു പേര്‍ പോലീസില്‍ മൊഴി നല്‍കി. അപകടസമയത്ത് ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഒടിച്ചതെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികള്‍.
മൊഴി നല്‍കിയവരില്‍ ബാലഭാസ്‌കറിന്റെ കാറിന്റെ പിറകിലുണ്ടായിരുന്ന വാഹനം ഓടിച്ച കൊല്ലം സ്വദേശിയുമുണ്ട്. പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലം സന്ദര്‍ശിക്കുകയുമുണ്ടായി. ഇവരുടെ റിപ്പോര്‍ട്ടും എതിരേ വന്നിരുന്ന കെ എസ് ആര്‍ ടി സി ബസിലെ ആളുകള്‍, സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്നിവ കൂടി പരിശോധിച്ച് മൊഴികളിലെ വൈരുധ്യങ്ങള്‍ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്റെയും മൊഴി വീണ്ടുമെടുക്കും.
പോലീസ് ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതു കൊണ്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും കത്തയച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ അപകടത്തിന്റെ ദുരൂഹതം വര്‍ധിപ്പിച്ചുകൊണ്ട് പുതിയ മൊഴികള്‍ പുറത്തുവരുന്നത്.
സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌ക്കറും മകള്‍ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

pathram:
Leave a Comment