ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം, കെ.പി ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധം; പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് എത്തിയ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുടേയും മറ്റ് നേതാക്കളുടേയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.കരുതല്‍ തടങ്കലാണെന്നാണ് പറയുന്നത്. എന്നാല്‍ കരുതല്‍ തടങ്കലിന് കേരളത്തില്‍ നിയമമില്ല. 1975 ന് ശേഷം പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ കരുതല്‍ തടങ്കല്‍ പാടില്ലെന്നാണ് നിയമം. അവരെ അറസ്റ്റ് ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയതെന്നും എന്തധികാരത്തിലാണ് അറസ്റ്റ് ചെയ്തതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കേരളത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല ശബരിമലയില്‍ വരുന്നത്. അഞ്ചു കോടിയിലേറെ ആളുകള്‍ ശബരിമലയില്‍ എത്തുന്നുണ്ട്. ഇത്രയും ആളുകള്‍ വരുന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഈ നിലപാടില്‍ വേദനയുണ്ട്. ഇത്രയും ജനങ്ങളെ നിയന്ത്രിക്കേണ്ടത് ഇവിടെയുള്ളവരല്ല. വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ കേരളത്തിന് പുറത്തേക്കുള്ള സംസ്ഥാനങ്ങളില്‍ കൂടി സമരം വ്യാപിപ്പിക്കും.
ആറ്, ഏഴ് സംസ്ഥാനങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളുമായി ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. ശബരിമല വിഷയം സംസ്ഥാന പരിധിയില്‍ മാത്രം വരുന്നതല്ല.കേന്ദ്രസര്‍ക്കാരിനെ കൂടി ഇക്കാര്യത്തില്‍ ഇടപെടുവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
ശബരിമലയെ എങ്ങനേയും തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയാണ് പോലീസ് അയ്യപ്പന്മാര്‍ വേണ്ട എന്ന തീരുമാനമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. ശബരിമലയുടെ എല്ലാ പൈതൃകവും സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. ശബരിമലയുടെ ആത്മീയത ഇല്ലാതാക്കി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പള്ളിക്കേസില്‍ സാവകാശ ഹര്‍ജി നല്‍കിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ വിവേചനം കാട്ടുകയാണെന്നും ഈ വിവേചനമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

pathram:
Related Post
Leave a Comment