മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ അമ്മയെ കുത്തിക്കൊന്നു

കുളത്തൂപ്പുഴ: മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ്(48) മകളുടെ കാമുകന്‍ മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48ല്‍ സതീഷ് (27) പട്ടാപ്പകല്‍ കുത്തിക്കൊന്നത്.
കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വന്ന ടാക്‌സി കാറും െ്രെഡവര്‍ മധുര സ്വദേശി ചിത്തിരസെല്‍വനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിന് വീട്ടില്‍ വച്ചാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചില്‍ കുത്തുകയായിരുന്നു. രക്തം വാര്‍ന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് നട്ടുകാര്‍ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച സതീഷിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിലേല്‍പിച്ചു. വര്‍ഗീസ് ഗള്‍ഫിലും ഇളയ മകള്‍ ലിന്‍സ വര്‍ഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ മേരിക്കുട്ടിയുടെ മൂത്തമകള്‍ ലിസ മുംബൈയില്‍ നഴ്‌സാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ലിസയും സതീഷും ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ സതീഷ് വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുകയാണെന്ന് പറഞ്ഞ് ലിസ പിന്മാറി.
ഒരുമാസം ലിസയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടാകുമെന്ന ധാരണയില്‍ ഒണ്‍ലൈന്‍ ടാക്‌സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. കുളത്തൂപ്പുഴ സി.ഐ സി.എല്‍. സുധീര്‍, എസ്.ഐ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

pathram:
Related Post
Leave a Comment