തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സര്‍ക്കാര്‍ നിയമോപദേശം തേടുന്നു. സുപ്രീംകോടതി വിധിക്കു സ്‌റ്റേ ഇല്ലാത്തതിനാല്‍ വെള്ളിയാഴ്ച തുടങ്ങുന്ന തീര്‍ഥാടനം സംഘര്‍ഷമില്ലാതെ നടത്തുക എന്നത് സര്‍ക്കാറിനു മുന്നിലെ വെല്ലുവിളിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ഥാടനകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ വിലക്കില്ല. യുവതികളെത്തിയാല്‍ തടയണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും.
പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ നേരത്തേതന്നെ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശം കേട്ടും സമവായം ഉണ്ടാക്കിയും മുന്നോട്ടുപോകാനാണ് തീരുമാനം. 15ന് രാവിലെ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമാക്കുന്നത് ശബരിമലയില്‍ സര്‍ക്കാരെടുത്ത നിലപാടില്‍ അയവുവരുന്നു എന്ന സൂചനയാണ്.വെള്ളിയാഴ്ച തുടങ്ങുന്ന തീര്‍ഥാടനകാലം ജനുവരി 20നാണ് സമാപിക്കുക. അതിനുശേഷമാണ് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത്. രണ്ടുമാസത്തിലേറെ നീളുന്ന തീര്‍ഥാടനക്കാലത്ത് എത്തുന്ന സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്നതാണ് ഉറ്റുനോക്കുന്ന വിഷയം. വിധിക്കുശേഷം രണ്ടുതവണ നടതുറന്നപ്പോഴും ശബരിമല സംഘര്‍ഷത്തിലായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തുടര്‍ന്നും ഈ അവസ്ഥയ്ക്കാണ് സാധ്യത കൂടുതല്‍. സര്‍ക്കാര്‍ സമവായ സാധ്യതകള്‍ തേടുന്നതിന്റെ കാരണവും ഇതുതന്നെ.നിയമോപദേശം തേടുമ്പോഴും രണ്ടു സാഹചര്യങ്ങളാണ് സര്‍ക്കാരിനു മുന്നിലുള്ളത്. ഹര്‍ജി പരിഗണിച്ച് കോടതി വാദം കേള്‍ക്കുന്നതിനാല്‍ നിലവിലെ വിധി നടപ്പാക്കുന്നത് അന്തിമവിധിക്കുശേഷം മതിയെന്നു തീരുമാനിക്കാം. ഇത് കോടതിയലക്ഷ്യമാകുമോ എന്നു പരിശോധിക്കാന്‍കൂടിയാണ് നിയമോപദേശം തേടുന്നത്. രണ്ടുതവണ നടതുറന്നപ്പോള്‍ ഉണ്ടായതുപോലെ ശബരിമലയിലെത്തുന്ന സ്ത്രീകളെ പ്രതിഷേധത്തിന്റെ പേരില്‍ അനുനയിപ്പിച്ച് തിരിച്ചയക്കുകയാണ് രണ്ടാമത്തേത്. ഇത് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ഉണ്ടാക്കുന്ന തലവേദന ചെറുതായിരിക്കില്ല. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയില്‍ എത്താന്‍ 550 യുവതികള്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഭരണഘടനാ ബെഞ്ചിന്റെ വിധി അതേപടി നിലനില്‍ക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമാകുന്നത് വിധി നടപ്പാക്കുമെന്ന മുന്‍ തീരുമാനം മാറ്റിയിട്ടില്ലെന്നാണ്. ആലോചിച്ച് തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. കടകംപള്ളിയാകട്ടെ എല്ലാം കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നു കൂടി പറഞ്ഞു. ഇത്തരം പ്രതികരണങ്ങളും സര്‍വകക്ഷിയോഗം വിളിക്കാനുള്ള തീരുമാനവുമൊക്കെ സൂചിപ്പിക്കുന്നത് ശബരിമലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ സര്‍ക്കാരിനും ആഗ്രഹം ഉണ്ടെന്നു തന്നെയാണ്. പക്ഷേ, വിധിയെഴുത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും.
അതേസമയം മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ ആരെയൊക്കെ പങ്കെടുപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിക്കാനാണു ധാരണ. സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും തീരുമാനമായിട്ടില്ല. തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തിനു ശേഷമായിരിക്കും ഇവരുമായിട്ടുള്ള കൂടിക്കാഴ്ച.
അതേസമയം സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍ഡിഎ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള അറിയിച്ചു. വിശ്വാസികള്‍ക്ക് അര്‍ഹതപ്പെട്ട നീതി നല്‍കാന്‍ തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാര്‍. വിശ്വാസികളുടെ വിശ്വാസം ആര്‍ജിക്കാന്‍ സര്‍ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദംകേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍വകക്ഷിയോഗം വേണ്ടെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്
Leave a Comment