തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി. രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഐജി വ്യക്തമാക്കി.
നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സനലിനെ ആശുപത്രിയിലേക്ക് മാറ്റുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. സനല്‍ അര മണിക്കൂര്‍ റോഡില്‍ കിടന്നെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം എസ്‌ഐയെ അറിയിച്ചത് പ്രതിയായ ഡിവൈഎസ്പിയാണ്. എസ്‌ഐക്കൊപ്പം എത്തിയത് പാറാവുകാരന്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലേക്കാണ് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്.
അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23നാണ്. ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍ സനലിനെ വേഗം മെഡിക്കല്‍ കോളെജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി പൊലീസ് ആംബുലന്‍സിലുള്ള സനലുമായി നേരേ പോയത് ആശുപത്രിയിലേക്കല്ല. മെഡിക്കല്‍ കോളെജിലേക്ക് പോകാന്‍ ടി.ബി. ജംഗ്ഷന്‍ വഴി പേകേണ്ടതിന് പകരം ആംബുലന്‍സ് പോയത് പൊലീസ് സ്‌റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്കാണ്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ് സ്‌കൂളിന്റെയും എസ് .ഐ ബ്രാഞ്ചിന്റെയും ഇടയിലൂടെയുള്ള പൊലീസ് സ്‌റ്റേഷന്‍ റോഡിലേക്ക് 10.25ന് ആംബുലന്‍സ് തിരിയുന്നു.
10.27 കഴിഞ്ഞ് ആംബുലന്‍സ് പൊലീസ് സ്‌റ്റേഷന്‍ റോഡില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്‌റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്. മെഡിക്കല്‍ കോളജിലേക്ക് പോകാതെ സനലിന്റെ ജീവനുമായി അരകിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്‌റ്റേഷന്‍ റോഡിലേക്ക് ആംബുലന്‍സ് പോയതിന്റെ ന്യായമാണ് വിചിത്രം. പൊലീസുകാരന്റെ ഡ്യൂട്ടി മാറി പുതിയ ആളെ ചുമതലയേല്‍പ്പിക്കാനായിരുന്നു ഈ യാത്ര
Leave a Comment