പമ്പ: ഈ മാസം അഞ്ചിന് ചിത്തിരആട്ടത്തിരുനാള്‍ വിശേഷാല്‍ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ശബരിമല ദര്‍ശനത്തിനു യുവതികളെത്തിയാല്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് സുസജ്ജമെന്ന് പത്തനംതിട്ട എസ്പി ടി. നാരായണന്‍. നാളെ മുതല്‍ പത്തനംതിട്ട ജില്ല കനത്ത സുരക്ഷയിലായിരിക്കുമെന്നും എസ്പി പറഞ്ഞു. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്തു നിലയ്ക്കല്‍ മുതല്‍ ശബരിമല വരെ പ്രത്യേക സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചു. അഞ്ചിനു നടതുറക്കാനിരിക്കെ പഴുതുകളടച്ചുള്ള സുരക്ഷ മുന്നൊരുക്കമാണ് പൊലീസ് നടത്തിയിരിക്കുന്നത്. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി പൊലീസ് തിരിച്ചു. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്ത് ഉള്‍പ്പടെ മുഴുവന്‍ ഉദ്യോഗസ്ഥരും നാളെ മുതല്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നിലയുറപ്പിക്കും. അതേസമയം, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതി ചേര്‍ക്കാവൂയെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യത്തില്‍ പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് പാടുള്ളൂ. നിലയ്ക്കലും പമ്പയിലും നടന്ന അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ പൊലീസിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണു ഹൈക്കോടതി നിര്‍ദേശം
Leave a Comment