നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു

കൊച്ചി: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയോ വാഹന നികുതിയില്‍ ഇളവ് വരുത്തുകയോ വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ ഉയര്‍ത്തിയത്. മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയും, മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററാക്കി കുറയ്ക്കണമെന്നും, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കമ്മീഷനെ നിയമിക്കുന്നത്.
വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുടമകളുടെ സംഘടനകള്‍ കേരളപ്പിറവി മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ധന വില പലതവണ വര്‍ധിച്ചിട്ടും ബസ്ചാര്‍ജ്ജ് കൂട്ടുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും ബസുടമകള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒക്‌ടോബര്‍ 11ന് ബസുടമകള്‍ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നല്‍കിയിരുന്നു. നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയും വ്യക്തമാക്കിയിരുന്നു.
രണ്ടര വര്‍ഷത്തിനിടയില്‍ ഇന്ധന വിലയിലും മറ്റ് ചെലവുകളിയും ഭീമമായ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ നിരക്ക് വര്‍ധനവല്ലാതെ മറ്റ് പരിഹാരമില്ലെന്ന നിലപാടിലാണ് ബസുടമകള്‍. കെ.എസ്.ആര്‍.ടി.സിയും വന്‍ പ്രതിസന്ധിയിലാണ്. ഇതെല്ലാം പരിഗണിച്ചാണ് നിരക്ക് വര്‍ധനവ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

pathram:
Leave a Comment