അമിത്ഷായുമായി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി; ജി.രാമന്‍ നായരും, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായരും ഉള്‍പ്പെടെ അഞ്ച് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ,നാരായണ വര്‍മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.
അതിനിടെ കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന്‍ നായര്‍, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍അംഗം പ്രമീളാ ദേവി, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. അമിത്ഷാ ഇവരെ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്തു. ഉചിതമായ സ്ഥാനം നല്‍കുമെന്ന് അമിത് ഷാ രാമന്‍ നായര്‍ക്ക് ഉറപ്പുനല്‍കി. ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തില്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അമിത് ഷായെ അറിയിച്ചു. ശബരിമല സമരം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അമിത് ഷാ സംസ്ഥാന നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
കാസര്‍ഗോഡ് മുതല്‍ പമ്പ വരെ രഥയാത്ര നടത്താന്‍ സംസ്ഥാന നേതൃത്വം അനുമതി തേടിയിട്ടുണ്ട്. പന്തളത്തുനിന്നും തിരുവനന്തപുരത്തേക്കു നടത്തിയ ലോംങ് മാര്‍ച്ച് വലിയ വിജയമായെന്നു നേതാക്കള്‍ അറിയിച്ചു. എന്‍ഡിഎയിലേക്ക് ജാനുവിനെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതകള്‍ ദേശീയ അധ്യക്ഷന്‍ ആരാഞ്ഞു. ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്ക് പരമാവധി തടയണമെന്നാണു നിര്‍ദേശം. എസ്എന്‍ഡിപിയെക്കൂടി ശബരിമല സമരത്തില്‍ സജീവമായി പങ്കെടുപ്പിക്കണമെന്ന നിര്‍ദേശവും അമിത് ഷാ നല്‍കി. ലോക്‌സസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെപ്പറ്റി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പിഎസ്. ശ്രീധരന്‍ പിള്ള, വി.മുരളീധരന്‍ എംപി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്നു രാവിലെ 9നു ഡല്‍ഹിക്കു മടങ്ങും.

pathram:
Related Post
Leave a Comment