ശബരിമല സ്ത്രീപ്രവേശനം; തന്ത്രപരമായി നീങ്ങാന്‍ ദേവസ്വം ബോര്‍ഡ് നീക്കം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജികളെ പിന്‍തുണച്ച് തന്ത്രപരമായി നീങ്ങാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. പുനഃപരിശോധന ഹര്‍ജിയോ റിപ്പോര്‍ട്ടോ സമര്‍പ്പിക്കാതെ കോടതിയിലെ സാഹചര്യത്തിനനുസരിച്ച് നിലവിലുള്ള ഹര്‍ജികളെ ദേവസ്വം ബോര്‍ഡ് പിന്തുണച്ചേക്കും. ആചാരങ്ങളെ സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ആവര്‍ത്തിക്കുന്നത് ഈ നീക്കം കണക്കുകൂട്ടിയാണ് .ശബരിമലയില്‍ വൈകാരിക മുതലെടുപ്പിനെ അതിജീവിക്കണമെങ്കില്‍ തന്ത്രപരമായി നീങ്ങണമെന്നാണു ദേവസ്വം ബോര്‍ഡ് ഉദേശിക്കുന്നത്. യുവതീപ്രവേശത്തെ എതിര്‍ത്തുള്ള പുനഃപരിശോധന ഹര്‍ജികളില്‍ നിലപാട് ആരായുമ്പോള്‍ മാത്രമേ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കൂ. യുവതീപ്രവേശം എതിര്‍ക്കുന്ന സമീപനമാവും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുക. പുനഃപരിശോധന ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തില്‍ എടുക്കണമെന്ന അപേക്ഷയും കോടതിക്കു മുന്നില്‍ വയ്ക്കാനാണ് ബോര്‍ഡ് ഉദേശിക്കുന്നത്. ശബരിമലയിലെ സാഹചര്യത്തെപ്പറ്റി സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഉടന്‍ സുപ്രീംകോടതിയുടെ മുന്നിലെത്തും
ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും വിശ്വാസികളുടെ വികാരങ്ങള്‍ പരിഗണിക്കണം എന്ന നിലപാട് എടുക്കുക. പുനഃപരിശോധന ഹര്‍ജി വരുമ്പോള്‍ അഭിഷേക് സിങ്‌വി തന്നെ നിലപാട് പറയുന്നതാകും ഉചിതമെന്ന സമീപനമാണു ദേവസ്വം ബോര്‍ഡിലെ ചിലര്‍ക്കുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ സിങ്‌വിയെ ഒഴിവാക്കണമെന്നാണു മറ്റൊരു വിഭാഗത്തിനുള്ളത്. സിങ്‌വി താല്‍പര്യക്കുറവ് അറിയിച്ചെന്നായിരുന്നു നേരത്തേ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഹാജരാവാന്‍ ബുദ്ധിമുട്ടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ച് എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്. വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു.
പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

pathram:
Leave a Comment