ശബരിമല സ്ത്രീ പ്രവേശനം ; കോട്ടയം സ്വദേശിനി ബിന്ദുവും ശ്രമം ഉപേക്ഷിച്ചു

പമ്പ: സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ ശബരിമല ദര്‍ശനത്തിനു പോകാനെത്തിയ കോട്ടയം സ്വദേശി ബിന്ദുവും ശ്രമം ഉപേക്ഷിച്ചു മടങ്ങി. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍നിന്നു അല്‍പസമയത്തിനകം ബിന്ദു പൊലീസ് ജീപ്പില്‍ ഈരാറ്റുപേട്ടയില്‍ എത്തും. അവിടെനിന്നു ബസില്‍ മടങ്ങാനാണു തീരുമാനം. മുണ്ടക്കയത്ത് ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ഉപരോധം നടത്തുകയാണ്. ഇവരെ നീക്കം ചെയ്ത ശേഷമാണു ബിന്ദുവിനെ ഈരാറ്റുപേട്ടയ്ക്കു കൊണ്ടുപോയത്. രാവിലെ എരുമേലി സ്റ്റേഷനില്‍ എത്തി ബിന്ദു സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു മുണ്ടക്കയം സ്റ്റേഷനിലേക്ക് ഇവരെ മാറ്റി. അവിടെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പൊലീസ് വാഹനം തടഞ്ഞു. പ്രവര്‍ത്തകരെ നീക്കിയശേഷം പൊലീസ് വാഹനത്തില്‍ കണമലയില്‍ എത്തിച്ച ബിന്ദു കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്കു പോയി. വട്ടപ്പാറയില്‍വച്ചു പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. വീണ്ടും എരുമേലിയിലേക്കു മടങ്ങിയെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി മുണ്ടക്കയം സ്റ്റേഷനിലേക്കു മാറ്റി.ഇവിടെയും ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്നാണു ബിന്ദു മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് എഴുതി നല്‍കിയത്.

ആന്ധ്രയിലെ ഏലൂരുവില്‍നിന്നുള്ള നാലു യുവതികളും ഇന്നു മല കയറാന്‍ ശ്രമിച്ചു. ആന്ധ്രക്കാര്‍ മല കയറിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പാതിവഴിക്കു തിരിച്ചിറങ്ങി. സംഘത്തില്‍ 3 പേരെ ചെളിക്കുഴിയില്‍നിന്നു ഗുരുസ്വാമിമാരുടെ സംഘമാണു തിരിച്ചയച്ചത്. ഇവരില്‍ ഒരാള്‍ തല മറച്ചാണു നീലിമല വരെയെത്തിയത്. എന്നാല്‍ അയ്യപ്പ കര്‍മ സമിതി പ്രതിഷേധവുമായി എത്തിയതോടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയാണു പരിഗണിക്കുക. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയാണു കോടതിയെ സമീപിച്ചത്. സന്നിധാനത്തേക്കു പോകുന്നതിനു ശബരി എക്‌സ്പ്രസില്‍ യുവതികളായ ഭക്തര്‍ എത്തുന്നുണ്ടെന്നു വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ശക്തമാക്കി. യുവതികള്‍ എത്തിയാല്‍ തടയാന്‍ ഭക്തരും സംഘടിച്ചു. എന്നാല്‍ ചെങ്ങന്നൂരില്‍ യുവതികളായ ഭക്തര്‍ ആരും ഇതുവരെ എത്തിയിട്ടില്ല.

pathram:
Leave a Comment