ശബരിമല സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ല ; ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് വനിതാ പൊലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചു. നിലവില്‍ തുടര്‍ന്നുവരുന്ന സംവിധാനങ്ങള്‍ അതേപടി തുടരും. മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ല. നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ ശബരിമലയില്‍ വന്നിട്ടുണ്ട്. തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കുമെന്നും എ.പദ്മകുമാര്‍ പറഞ്ഞു. തുലാമാസ പൂജയ്ക്കു വനിതാ ജീവനക്കാരെ വിന്യസിക്കുന്നതും ആലോചനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന മുന്‍ നിലപാടില്‍നിന്ന് വ്യത്യസ്തമാണ് ദേവസ്വം ബോര്‍ഡിന്റെ ഈ തീരുമാനം.

ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് കോടതി വിധി നടപ്പാക്കുന്നതില്‍ പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ല.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്ന സമയത്തുള്ള ക്രമീകരണങ്ങള്‍ മാത്രമെ ഇത്തവണയും ഉണ്ടാവുകയുള്ളൂ. പ്രായഭേദമന്യേ സ്ത്രീകള്‍ ശബരിമലയില്‍ വരണമെന്ന വാശി ബോര്‍ഡിനില്ല. വനിതാ പോലീസിനെ ശബരിമലയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും നടന്നിട്ടില്ല. നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കും.

കോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് പരസ്പരം ആലോചിച്ചേ മുന്നോട്ട് പോകൂ. ശബരിമലയെ സംബന്ധിച്ച് തന്ത്രി സമൂഹം പിതൃസ്ഥാനീയരാണ്. ശബരിമലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പരിഹാരം കണ്ടെത്താന്‍ ബാധ്യസ്ഥരാണ് അവരും. ആരോടും ദേവസ്വം ബോര്‍ഡിന് വാശിയില്ലെന്നും എ.പദ്മകുമാര്‍ അറിയിച്ചു.

pathram:
Leave a Comment