എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ആരംഭിച്ചു: ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഉപരോധ സമരങ്ങള്‍ ഗതാഗതം താറുമാറാക്കി

പന്തളം: എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണയാത്ര ആരംഭിച്ചു. പന്തളം മണികണ്ഠനാല്‍ത്തറയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള നയിക്കുന്ന യാത്രയുടെ ആദ്യദിവസം അടൂരില്‍ സമാപിക്കും. 15ന് സെക്രട്ടേറിയറ്റ് നടയിലാണ് യാത്ര സമാപിക്കുന്നത്.

11ന് ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച് കായംകുളം ടൗണില്‍ സമാപിക്കും.

12ന് കൊല്ലം ചവറയില്‍ നിന്ന് തുടങ്ങി കൊല്ലം ടൗണില്‍ സമാപിക്കും.

13ന് കൊല്ലത്തുനിന്ന് കൊട്ടിയത്തേക്കാണ് യാത്ര. 14ന് ആറ്റിങ്ങലില്‍ നിന്ന് തുടങ്ങി കഴക്കൂട്ടത്ത് സമാപിക്കും. 15ന് കഴക്കൂട്ടത്ത് നിന്ന് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും.

എന്‍ഡിഎ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്‍, വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവരാണ് യാത്ര നയിക്കുന്നത്.

അതേസമയം എന്‍എസ്എസിന്റെ നാമജപ യാത്ര സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി. നൂറുകണക്കിന് സ്ത്രീ പുരുഷന്മാരാണ് ഭരണ സിരാ കേന്ദ്രത്തിന് മുന്നില്‍ നടക്കുന്ന നാമജപ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. സെറ്റുസാരി ഉടുത്താണ് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പ്രായഭേദമന്യേ നിരവധി സ്ത്രീകളും പുരുഷന്മാരും ഈ നാമജപയാത്രയില്‍ അണി നിരന്നിട്ടുണ്ട്.
അതേസമയം വിധിക്കെതിരെ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ഉപരോധ സമരങ്ങള്‍ ആരംഭിച്ചു. സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധ സമരം നടക്കുന്നത്. പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വലിയ ജനക്കൂട്ടമാണ് എല്ലാ സ്ഥലങ്ങളിലും സമരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഹിന്ദു ഐക്യ വേദിയുടെയും അയ്യപ്പ ഭക്ത സമാജങ്ങളുടെയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
സമരത്തെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എറണാകുളം വൈറ്റിലയില്‍ ഉള്‍പ്പടെ വലിയ ഗതാഗത തടസ്സമാണ് ഉണ്ടായിരിക്കുന്നത്. 12 മണി വരെയാണ് സമരമെന്നാണ് ഹിന്ദു ഐക്യവേദിയുടെ നേതാക്കന്മാര്‍ പ്രതികരിച്ചത്. എന്നാല്‍ പ്രധാനപ്പെട്ട റോഡില്‍ ഇത്രനേരം ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ പോലീസ് ഇവരെ നീക്കം ചെയ്യാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.
തൃശൂരില്‍ സ്വരാജ് റൗണ്ടിലാണ് പ്രധാനമായും സമരം നടക്കുന്നത്. വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആളുകള്‍ പ്രകടനമായി സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലെ ഗതാഗതം പോലീസ് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
വടക്കന്‍ കേരളത്തിലും വലിയ രീതിയില്‍ തന്നെ ഉപരോധ സമരങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് പാളയം ജങ്ഷനില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയര്‍ത്തിയാണ് സമരം. വടകരയും കുന്നമംഗലത്തും ഉള്‍പ്പടെ 11 കേന്ദ്രങ്ങളിലാണ് സമരം നടക്കുന്നത്.
മലയോര മേഖലകളിലും സമരം സജീവമാണ്. ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ ഉപരോധം നടക്കുന്നുണ്ട്. കൊച്ചിധനുഷ്‌കോടി ദേശീയ പാതയിലാണ് ഉപരോധം നടക്കുന്നത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിട്ടുണ്ട്. 12 മണിയോടുകൂടി എല്ലായിടങ്ങളിലും സമരം അവസാനിപ്പിക്കും എന്നാണ് നേതാക്കന്മാര്‍ നല്‍കുന്ന വിവരം. ആലുവയില്‍ സമരക്കാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

pathram:
Related Post
Leave a Comment