നിര്‍ബന്ധമായി ശമ്പളം പിടിച്ചുവാങ്ങുന്നതു ശരിയല്ലെന്ന് ഹൈക്കോടതി; നല്‍കാത്തവരുടെ പേരു പരസ്യപ്പെടുത്തരുതെന്നും കോടതി

കൊച്ചി: സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നു നിര്‍ബന്ധമായി ശമ്പളം പിടിച്ചുവാങ്ങുന്നതു ശരിയല്ലെന്നും ഹൈക്കോടതി. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം.വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ശമ്പളം സംഭാവന ചെയ്യുന്നതു സ്വമേധയാ ആകണം. നല്‍കാത്തവരുടെ പേരു പരസ്യപ്പെടുത്തുന്നതു മലയാളികളുടെ ഐക്യത്തെ ബാധിക്കും. വിസമ്മതപത്രം നല്‍കിയവരുടെ പേരു പുറത്തുവിടരുത്. പേരുകള്‍ പുറത്തുവിട്ടവര്‍ക്കെതിരെ നടപടി വേണം. എടുത്ത നടപടിയെന്താണെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിസമ്മതിച്ചവരുടെ പട്ടിക തയാറാക്കുന്നതെന്തിനാണ്? പട്ടിക തയാറാക്കുന്നത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കും. നിര്‍ബന്ധിതപിരിവ് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ക്കു വിരുദ്ധമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടികയുണ്ടോയെന്നും കോടതി ചോദിച്ചു.

സാലറി ചലഞ്ചിനെതിരെയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായത് 60 ശതമാനം ജീവനക്കാര്‍ മാത്രമാണ്. 40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞതായാണ് വിലയിരുത്തല്‍.
നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്ന് മുമ്പും കോടതി ചൂണ്ടിക്കാട്ടിയിരുന്നു

pathram:
Leave a Comment