കൊച്ചി: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തണം. ചൊവ്വാഴ്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കണം. വിസമ്മതിച്ചവരുടെ പട്ടിക എന്തിന് തയ്യാറാക്കുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. സാലറി ചലഞ്ചിനെതിരെയുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇത്തരത്തില്‍ ചോദിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടിക ഉണ്ടോയെന്ന് കോടതി ചോദിച്ചു. ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയ ആകണമെന്നും കോടതി നിര്‍ദേശിച്ചു.
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായത് 60 ശതമാനം ജീവനക്കാര്‍ മാത്രമാണ്. 40 ശതമാനം ജീവനക്കാരും സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞതായാണ് വിലയിരുത്തല്‍. നിര്‍ബന്ധമായി ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്ക് സമാനമാണെന്ന് നേരത്തെയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ച് ഏറ്റെടുത്തിരുന്നു. അറുപത് ശതമാനം പേര്‍ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ നല്‍കാന്‍ തയാറായപ്പോള്‍ സര്‍ക്കാര്‍ എയ്ഡഡ് കോളെജിലെ എണ്‍പത് ശതമാനം അധ്യാപകരും സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നു. അധ്യാപകര്‍ വിസമ്മതപത്രം നല്‍കിയതായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
സാലറി ചാലഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജിയ്ക്ക് മറുപടിയായി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് വരെയുള്ള ശമ്പളബില്ലിന്റെ കണക്കെടുത്താണ് സത്യവാങ്മൂലം തയാറാക്കിയത്. ആരില്‍ നിന്നും ശമ്പളം പിടിച്ചു വാങ്ങിയിട്ടില്ലെന്നും താല്‍പ്പര്യമുള്ളവര്‍ തന്നാല്‍ മതിയെന്നുമാണ് പറഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. വിസമ്മതപത്രം വാങ്ങാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ ന്യായീകരിച്ചു. സുപ്രീംകോടതിയിലെ ജീവനക്കാര്‍ ഒരുദിവസത്തെ ശമ്പളം കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിസമ്മതം അറിയിച്ചില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. റെയില്‍വേയും സമാന രീതിയിലാണ് ശമ്പളം ഈടാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ 160 ഓളം എയ്ഡഡ് കോളെജുകളും 62 സര്‍ക്കാര്‍ കോളേജുകളുമാണുള്ളത്. ഇവയില്‍ 10,000ത്തോളം അധ്യാപകരുണ്ട്. ഭൂരിഭാഗവും എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് കോളെജുകളിലെ അധ്യാപകരിലേറെപ്പേരും നിസ്സഹകരിച്ചതുകൊണ്ടാണ് ഈ മേഖലയില്‍ സാലറി ചലഞ്ച് പരാജയപ്പെട്ടത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല എന്നതിനു തെളിവാണ് 40 ശതമാനം പേരും വിസമ്മതപത്രം നല്‍കിയത് എന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Leave a Comment