കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.
അന്വേഷണം അട്ടിമറിക്കുമെന്ന ഗുരുതര ആരോപണം നിലനില്‍ക്കുന്നു.സഭയില്‍ ഉന്നതപദവി വഹിക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. പൊലീസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ല. കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുകയാണ്. ഫ്രാങ്കോയെ പോലെയുള്ള ഉന്നത സ്വാധീനമുള്ള ഒരു വ്യക്തിക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് വളരെ ഗൗരവത്തിലെടുക്കുന്നുവെന്നും കോടതി അറിയിച്ചു.
പ്രഥമദൃഷ്ട്യാ കോടതിക്ക് മുന്നിലെത്തിയ രേഖകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളുടേതടക്കം ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും കോടതി തീരുമാനിച്ചിട്ടുണ്ട്.
Leave a Comment