ന്യൂഡല്‍ഹി: 50 ലക്ഷം ആളുകളെ വരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മാരകമായ ലഹരിമരുന്നായ ഫെന്റാനൈല്‍ എന്ന രാസവസ്തു ഇന്‍ഡോറിലെ അനധികൃത ലബോറട്ടറിയില്‍ നിന്ന് പിടിച്ചെടുത്തു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 110 കോടിയോളം രൂപ വിലവരുന്ന രാസപദാര്‍ഥമാണിത്. ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈല്‍ ആണ് കണ്ടെത്തിയത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈല്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഇത് പിടിച്ചെടുത്ത ലബോറട്ടറി, പ്രദേശത്തെ ഒരുവ്യവസായിയും ഒരു കെമിസ്റ്റും ചേര്‍ന്നാണ് നടത്തുന്നതെന്നാണ് വിവരം. ഇന്ത്യയില്‍ ഇതാദ്യമായാണ് ഫെന്റാനൈല്‍ പിടിക്കപ്പെടുന്നത്.
ഇത് പ്രകൃതിദത്തമായ ലഹരിമരുന്നല്ല. പരീക്ഷണശാലയില്‍വെച്ച് കൃത്രിമമായി നിര്‍മിക്കുന്നതാണ്. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞര്‍ക്ക് അതീവ സുരക്ഷാസംവിധാനങ്ങളുള്ള ലബോറട്ടറികളില്‍ മാത്രമേ ഈ രാസവസ്തു നിര്‍മ്മിക്കാന്‍ സാധിക്കു. വേദനാ സംഹാരികളായും, അനസ്‌തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവില്‍ ഫെന്റാനൈല്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
അമേരിക്കയില്‍ 2016 മാത്രം ഫെന്റാനൈല്‍ ഉപയോഗം അമിതമായതിനെ തുടര്‍ന്ന് 20,000 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫെന്റാനൈല്‍ ഗുളികകള്‍ പക്ഷെ വിദേശങ്ങളില്‍ കരിഞ്ചന്തകളില്‍ സുലഭമായി ലഭിക്കും. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗണ്‍ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
മെക്‌സിക്കന്‍ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയില്‍ ഈ മരുന്ന് നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിര്‍മാണകേന്ദ്രങ്ങള്‍. നിരീക്ഷണം ശക്തമായതും നിയമങ്ങള്‍ കര്‍ശനമായതും ഇന്ത്യയിലേക്ക് നിര്‍മാണം മാറ്റാന്‍ കാരണമായെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് ഇത് നിര്‍മിക്കുന്നതിനാവശ്യമായ രാവസ്തുക്കള്‍ നിയമവിരുദ്ധമായ വഴികളില്‍ കൂടിയാണ് എത്തുന്നത്.
Leave a Comment