കൊച്ചി: സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷം കൂടുതലായി ലഭിക്കുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ദീര്‍ഘകാല ശരാശരിയുടെ 89 മുതല്‍ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ ലഭിക്കാനാണ് സാധ്യതയെന്ന് ഇന്നു രാവിലെ പുറത്തിറക്കിയ പ്രവചനത്തില്‍ ഐഎംഡി വ്യക്തമാക്കി. ഇതു കുറയാനല്ല കൂടാനാണു സാധ്യതയെന്നും നിരീക്ഷണ കേന്ദ്രം പറയുന്നു; ന്യായമായ തുലാമഴ പ്രതീക്ഷിക്കാമെന്നു ചുരുക്കം. അതേസമയം, തമിഴ്‌നാട്ടില്‍ ഈ വര്‍ഷം 112 ശതമാനം വരെ അധികമഴ ലഭിക്കാന്‍ സാധ്യതയുള്ളതായും ഐഎംഡി മുന്നറിയിപ്പു നല്‍കി.
തമിഴ്‌നാട്, കേരളം, ആന്ധ്രാതീരം, റായലസീമ, ദക്ഷിണ കര്‍ണാടക തുടങ്ങി അഞ്ചോളം കാലാവസ്ഥാ മേഖലകളിലാണ് തുലാമഴ ലഭിക്കുന്നത്. ഇവിടെ ലഭിക്കുന്ന ആകെ മഴയുടെ 30 ശതമാനം വരെ വടക്കു കിഴക്കന്‍ തുലാമഴയില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ ഇതു 48 ശതമാനം വരെയാണ്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നു മാസമാണ് തുലാമഴക്കാലം. 1998 മുതലാണ് സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃക ഉപയോഗിച്ച് ഐഎംഡി തുലാമഴയെപ്പറ്റി പ്രവചനം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.
പസഫിക് സമുദ്ര താപനിലയുമായി ബന്ധപ്പെട്ട എല്‍ നിനോ പ്രതിഭാസം ചെറിയ തോതില്‍ ഉടലെടുക്കാന്‍ 70 ശതമാനം സാധ്യതയുള്ളതിനാല്‍ കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. എല്‍ നിനോ ശക്തിപ്പെട്ടാല്‍ ഇന്ത്യയില്‍ മഴ കുറയും. 1951 മുതല്‍ 2000 വരെയുള്ള അരനൂറ്റാണ്ടു കാലത്തെ ശരാശരി കണക്കെടുത്താല്‍ ഏകദേശം 43.8 സെന്റീമീറ്ററാണ് തുലാമഴയിലൂടെ ദക്ഷിണേന്ത്യയ്ക്കു ലഭിക്കുന്നത്.
Leave a Comment